adoor-prakash

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ കനത്ത പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ അടൂർ പ്രകാശ്. സ്ഥാനാർത്ഥി നിർണയത്തിൽ കെ പി സി സി ഉപസമിതി അംഗമായ തനിക്ക് ഇടപെടാൻ അവസരം നൽകിയില്ലെന്നും പരാതി കേൾക്കാൻ കെ പി സി സി അദ്ധ്യക്ഷൻ തയ്യാറാക്കിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. അടൂർ പ്രകാശ് കേരളകൗമുദി ഓൺലൈനിനോട്

തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നിലെ കാരണമെന്താണ്?

നേതൃത്വത്തിലുളള ആളുകൾ ഗൗരവമായി തീരുമാനമെടുക്കേണ്ടതിന് പകരം വെറും ഗ്രൂപ്പ് മാത്രം കളിച്ച് സീറ്റുകൾ നഷ്‌ടപ്പെടുത്തിയതാണ് ഈ അപകടത്തിന് കാരണം. എന്നെ സ്ഥാനാർത്ഥി നിർണയത്തിന് ചുമതലപ്പെടുത്തിയെന്ന് പറയുമ്പോഴും വേറെ കാര്യങ്ങളൊന്നും ചെയ്യാൻ എനിക്ക് സാധിച്ചിരുന്നില്ല. സ്ഥാനാർത്ഥികളെ നിർണയിക്കാനുളള ഉപസമിതി അംഗമായിട്ട് കൂടി സ്ഥാനാർത്ഥിയെ നിശ്‌ചിക്കുന്ന കാര്യത്തിൽ എനിക്കും വിഷ്‌ണുനാഥിനും യാതൊരു റോളുമില്ലായിരുന്നു. ഗ്രൂപ്പ് നേതൃത്വം തീരുമാനമെടുത്ത ശേഷം അത് പേപ്പറിൽ എഴുതി വയ്‌ക്കുന്നു. അതാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത്. ഇത് അറിയിക്കുന്നതിന് വേണ്ടി കെ പി സി സി പ്രസിഡന്റിനെ വിളിച്ചിട്ട് അദ്ദേഹം ഫോണെടുത്തില്ല. പല തവണ വിളിച്ച് നോക്കി. നേരിട്ട് അദ്ദേഹത്തെ കണ്ട് പറയാനും കഴിഞ്ഞില്ല. തിരുവനന്തപുരം കോർപ്പറേഷനെ സംബന്ധിച്ച് ഉണ്ടാകുന്ന അപകടം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തണം എന്നുളളത് കൊണ്ടാണ് നേരിട്ട് വിളിച്ച് അദ്ദേഹത്തെ കാണാൻ ഞാൻ ശ്രമിച്ചത്. തിരക്ക് കാരണമായിരിക്കും ഫോണിൽ കിട്ടാത്തത്.

നേതാക്കന്മാർ വീതംവയ്‌പ്പ് നടത്തിയെന്നാണ് യൂത്ത് കോൺഗ്രസ് പോസ്റ്ററുകൾ?

അതെ, നേതാക്കന്മാർ വീതം വയ്‌പ്പ് നടത്തിയതാണ് ഈ കുഴപ്പമുണ്ടാക്കിയത്. ഓരോരുത്തരും അവരവർക്ക് താത്‌പര്യമുളള ആളുകളെ മാത്രം വയ്‌ക്കാൻ വേണ്ടിയുളള കടുംപിടിത്തമാണ് നടത്തിയത്. ഈ ദാരുണമായ പരാജയം സംഭവിക്കാൻ കാരണം അതാണ്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് നോക്കുകയാണെങ്കിൽ താങ്കളുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഡിവിഷനുകളിലെല്ലാം വലിയ മാർജിനിലാണ് ഇടതുമുന്നണി വിജയിച്ചിരിക്കുന്നത്. ലോക്‌സഭയിലെ ട്രെൻഡ് ആവർത്തിക്കാൻ പറ്റിയില്ല എന്നു വേണ്ടേ കരുതേണ്ടത്?

ലോക്‌സഭയിലേയും തദ്ദേശ തിരഞ്ഞെടുപ്പിലേയും ട്രെൻഡ് രണ്ടും രണ്ടാണ്. ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലെ പോലെ ചില ആളുകളുടെ കടന്നുകയറ്റവും തീരുമാനങ്ങളുമാണ് പലയിടത്തും പഞ്ചായത്ത് നഷ്‌ടപ്പെടാനുളള അവസരമുണ്ടാക്കിയത്. പല സ്ഥലങ്ങളിലും തീരുമാനങ്ങൾ കൈക്കൊളളുന്ന കാര്യത്തിൽ പ്രയാസങ്ങൾ അതാത് സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതിന്റേതായ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

പത്തനംതിട്ടയിലും കോന്നിയിലും എന്താണ് സംഭവിച്ചത്?

ജില്ലാ പഞ്ചായത്തിൽ ഞാൻ പറഞ്ഞ രണ്ടുപേരും നല്ല ഭൂരിപക്ഷത്തിലാണ് ജയിച്ചത്. റോബിൻ പീറ്ററിന് 5,772 ആയിരുന്നു ഭൂരിപക്ഷം. കോന്നിയും ചിറ്റാറും അടക്കമുളള പഞ്ചായത്ത് അടക്കം തിരിച്ച് പിടിക്കാൻ കഴിഞ്ഞു.

തിരുവനന്തപുരം ഡി സി സി പ്രസിഡന്റിനേയും വി എസ് ശിവകുമാറിനേയും പുറത്താക്കണമെന്നാണ് യൂത്ത് കോൺഗ്രസ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. പ്രതികരണമുണ്ടോ?

അതിനെ സംബന്ധിച്ച് എനിക്ക് പ്രതികരണമില്ല

സംസ്ഥാന തലത്തിലുണ്ടായ തോൽവിക്ക് നേതൃത്വത്തിനെതിരെ വലിയ വിമർശനമുണ്ട്. കെ മുരളീധരനും കെ സുധാകരനും അടക്കമുളള നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. വെൽഫയർ പാർട്ടിയുമായുളള ബന്ധം വീഴ്‌ചയായോ?

സംസ്ഥാന തല സമിതികളിലൊന്നും എന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയിൽ ഞാനില്ല. കെ പി സി സിയുടെ ഭാരവാഹിത്വത്തിലും ഞാനില്ല. കെ പി സി സി എക്‌സിക്യൂട്ടീവിൽ ഉണ്ടെന്നേ ഉളളൂ. അത് ആ കൂട്ടത്തിൽ ഒരാൾ ആണെന്നേയുളളൂ.

സർക്കാരിന് എതിരായ ജനവികാരം പ്രതിപക്ഷത്തിന് വോട്ടായി മാറ്റാൻ കഴിഞ്ഞില്ലെന്ന തോന്നലുണ്ടോ?

പാർട്ടിക്ക് ഉണ്ടായ ക്ഷീണം മാറ്റാൻ താഴെത്തട്ടിലുളള സമിതികൾ മുതൽ അനുയോജ്യമായ ആളുകളെ നേതൃത്വത്തിൽ കൊണ്ടുവരണം. അത് ഇനിയെങ്കിലും മനസിലാക്കി നടപടിയെടുക്കണം.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമോ?

എന്നെ പാർട്ടിയാണ് ആറ്റിങ്ങലിൽ മത്സരിക്കാൻ ചുമതലപ്പെടുത്തിയത്. അത് ഏറ്റെടുത്ത് ഞാൻ മത്സരിച്ചു,ജയിച്ചു. ഇനി പാർട്ടിയൊരു തീരുമാനം എടുത്താൽ ഞാൻ അത് സ്വീകരിക്കും എന്നേയുളളൂ. അല്ലാതെ എനിക്ക് ഈ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഞാൻ ആരെയടുത്തും ഇതുവരെ പോയിട്ടില്ല. ഇനി പോവുകയുമില്ല.