
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ എൽ.ഡി.എഫ് മുന്നേറ്റത്തിലും നില മെച്ചപ്പെടുത്തിയെന്ന് ബി.ജെ.പിക്ക് ആശ്വസിക്കാം. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കൽ ഉൾപ്പെടെ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഗ്രാമ പഞ്ചായത്തുകളിലും നഗര മേഖലകളിലും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു. മറ്റ് രണ്ടു മുന്നണികൾക്കും സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോഴാണിത്. കഴിഞ്ഞ തവണ 9 ഗ്രാമപഞ്ചായത്തുകളാണ് കൈവശമുണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 23 ആയി ഉയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു.
2015ൽ 933 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 11 ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളും 3 ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റികളിൽ 236 സീറ്റുമാണുണ്ടായിരുന്നത്. ആകെ 1234 സീറ്റും,. 27.58ലക്ഷം വോട്ടും. ആകെ പോൾ ചെയ്ത വോട്ടിന്റെ 13.98 ശതമാനം. കഴിഞ്ഞ തവണ ഒന്നാം വലിയ കക്ഷിയായി പാലക്കാട് നഗരസഭാ ഭരണം കൈയാളിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷം നേടി .
തിരുവനന്തപുരം നഗരസഭയിലെ സീറ്റുകളുടെ എണ്ണം നിലനിറുത്താൻ കഴിഞ്ഞു. പന്തളത്ത് നഗരസഭയിലും ഭരണം പിടിച്ചു. മാവേലിക്കരയിൽ വലിയ ഒറ്റക്കക്ഷിയായി. കൊടുങ്ങല്ലൂരിലും എൽ.ഡി.എഫുമായി ബലാബലം നിന്നു. വർക്കല, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, തൊടുപുഴ, തൃപ്പൂണിത്തുറ, ഷൊർണൂർ, തലശ്ശേരി, പാനൂർ, കാസർകോട് നഗരസഭകളിൽ മികച്ച പ്രകടനം നടത്താനായി. ആകെ വാർഡുകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 1583 സീറ്റിലാണ് ഇത്തവണ വിജയം. നഗരസഭാ വാർഡുകളുടെ എണ്ണം 320 ആയി ഉയർന്നു. 2500 ൽ അധികം സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് വന്നു.