palakkadu

പാലക്കാട് : കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ ജയിച്ച സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയുന്ന തിരിക്കിലാണിപ്പോൾ. എന്നാൽ പാലക്കാട് നഗരസഭയിൽ ഭരണതുടർച്ച നേടി വിജയിച്ച ബി ജെ പിയുടെ ആഹ്ളാദ പ്രകടനം അതിരുകടന്നു എന്ന ആരോപണമാണ് ഉയരുന്നത്. നഗരസഭയുടെ കെട്ടിടത്തിൽ ജയ് ശ്രീറാം എന്നെഴുതിയ കൂറ്റൻ ഫ്ളക്സ് സ്ഥാപിച്ചാണ് പ്രവർത്തകർ ജയം കൊണ്ടാടിയത്. എന്നാൽ നഗരസഭ കെട്ടിടത്തിൽ ഇത്തരത്തിൽ ഒരു ഫ്ളക്സ് പതിപ്പിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബിജെപി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് ഭരണം പിടിച്ചത്. 52 അംഗ നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം അരക്കിട്ടുറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബിജെപി ജയിച്ചത്. നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ യുഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ13 സീറ്റുകളുണ്ടായിരുന്ന യു ഡി എഫ് ഇത്തവണ 12ൽ ഒതുങ്ങി. ഒമ്പത് സീറ്റുകളുണ്ടായിരുന്ന എൽഡിഎഫിന് ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്.