krishna-kumar

ഹരിപ്പാട്: പ്രദേശവാസികൾക്ക് ഭീഷണിയുമായി ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ സിപിഎം നിയുക്ത കൗൺസിലർ എസ് കൃഷ്‌ണകുമാർ രംഗത്ത്. തനിക്ക് വോട്ട് ചെയ‌്തവരല്ലാതെ ഒരാളുപോലും വരുന്ന അഞ്ചുവർഷക്കാലം ഒരാവശ്യത്തിനും തന്നെ സമീപിക്കരുതെന്ന ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ വിമർശനത്തിന് ഇടയാവുകയാണ്. ബിജെപി സ്ഥാനാർത്ഥിയുടെ കൈയിൽ നിന്ന് കാശു വാങ്ങിയാണ് തന്നെ ചിലർ ഒറ്റുകൊടുത്തതെന്ന് കൃഷ്‌ണകുമാർ പരസ്യമായി ആരോപിച്ചു. ആഹ്ളാദപ്രകടനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു പ്രദേശവാസികളോടുള്ള നിയുക്ത കൗൺസിലറുടെ വെല്ലുവിളി

കൃഷ്‌ണകുമാറിന്റെ വിവാദ പ്രസംഗം ഇങ്ങനെ-

'ഇടതുപക്ഷമുന്നണിയുടെ സ്ഥാനാർത്ഥിയായി ഞാൻ ഇവിടെ മത്സരിക്കാൻ വരുമ്പോൾ ഈ പ്രദേശത്തെ ഓരോ വീട്ടുകാരും അവരുടെ പുരയിടത്തിൽ നിന്ന് ഒരു കാൽ ഈ റോഡിലേക്ക് വയ‌ക്കുമ്പോൾ,​ കൃഷ്‌ണകുമാറിന്റെ നെഞ്ചത്തല്ല കൃഷ്‌ണകുമാർ ഉണ്ടാക്കിയ റോഡിലേക്കാണ് കാൽ വയ്‌ക്കുന്നതെന്ന ചിന്ത ഉണ്ടാകുന്നത് നന്നായിരിക്കും. രണ്ടാമത് എനിക്ക് പറയാനുള്ളത് ഈ കമ്മ്യൂണിസ്‌റ്റുകാരൻ കൊണ്ടുവന്ന പൈപ്പുലൈനിലെ വെള്ളം കുടിക്കുമ്പോൾ,​ അത് നന്നിയോടുതന്നെ കുടിക്കണം എന്നാണ്. ആ വെള്ളം തൊണ്ടയിൽ നിന്നിറങ്ങുമ്പോൾ ഹരേ റാം ഹരേ റാം എന്നുപറയുന്നതിനു പകരം ഹരേ കൃഷ്‌ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം. വരുന്ന അഞ്ചുവർഷം ഈ പ്രദേശത്തെ മുഴുവൻ പേരുടെയും കൗൺസിലർ ആയിരിക്കില്ല. കൃഷ്‌ണകുമാർ കൊണ്ടുവന്നതല്ലാതെ,​ ഒരു ഉടയതമ്പുരാനും ഒരു ചുക്കും ഇവിടെ കൊണ്ടുവന്നിട്ടില്ല എന്ന ഓർമ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണം'.

ബിജെപി സ്ഥാനാർത്ഥിയുടെ കൈയിൽ നിന്ന് കാശു വാങ്ങിയാണ് തന്നെ ചിലർ ഒറ്റുകൊടുത്തതെന്ന് കൃഷ്‌ണകുമാർ പരസ്യമായി ആരോപിച്ചു. അവർ ആരൊക്കെ എന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും, താൻ കൗൺസിലർ ആയി പ്രവർത്തിക്കുന്ന അടുത്ത അഞ്ചുവർഷം ഒരാവശ്യത്തിനു വേണ്ടിയും ഇവർ സമീപിക്കരുതെന്ന മുന്നറിയിപ്പും സിപിഎമ്മിന്റെ ജനപ്രതിനിഥി പരസ്യമായി തന്നെ വിളിച്ചുപറയുന്നുണ്ട്. വോട്ട് ചെയ‌്ത 375 പേരുടെ മാത്രം കൗൺസിലർ ആയിരിക്കും താനെന്നും, അതല്ലാതെ ഒരാളും സമീപിക്കരതെന്നും വീണ്ടും ആവർത്തിച്ചാണ് ഇയാൾ പ്രസംഗം അവസാനിപ്പിച്ചത്.

ഹരിപ്പാട് നഗരസഭയിൽ ജയിച്ച ഒരു LDF സ്ഥാനാർഥി ജനങ്ങളെ വെല്ലു വിളിക്കുന്നു ... ഇതാണ്‌ സി പി എം ന്റെ ജനാധിപത്യ ഭരണം

Posted by Pratheesh Vishwanath on Wednesday, 16 December 2020