mani-c-kappan

പാല: ഇടത് മുന്നണിയുടെ കൂട്ടായ പ്രവർത്തനവും സർക്കാരിന്റെ പ്രവർത്തനവുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം ലഭിക്കാൻ കാരണമെന്ന് എൻ.സി.പി നേതാവ് മാണി.സി. കാപ്പൻ. പാലാ സീ‌റ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. തന്റെ എതിർപ്പുകൾ മുന്നണിയിൽ പറഞ്ഞ് പോകാൻ തന്നെയാണ് തീരുമാനം. ഇടത് പക്ഷത്തുള‌ള രണ്ടുപേരും എങ്ങനെയാണ് ഒരു സീ‌റ്റിൽ മത്സരിക്കുകയെന്നും എൻ.സി.പി പാലാ നിയോജക മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും മാണി.സി.കാപ്പൻ പറഞ്ഞു.

പാലായിലെ ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ല. കടനാട്,രാമപുരം,മൂന്നിലവ്,മേലുകാവ്, തലനാട്, തലപ്പുലം, പാലാ മുനിസിപ്പാലി‌റ്റി എന്നിവിടങ്ങളിൽ എൻ.സി.പിയ്‌ക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് കെ മാണിയ്‌ക്ക് ലഭിച്ചിട്ടില്ല. മുത്തോലി, കൊഴുവനാൽ എന്നിവിടങ്ങളിൽ മാത്രമേ എൻ.സി.പി നിയമസഭ തിരഞ്ഞെടുപ്പിൽ പിറകിലായിരുന്നുള‌ളൂ. എൻസിപിയിൽ വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്നും മാണി സി കാപ്പൻ അവകാശപ്പെട്ടു.

ചില പഞ്ചായത്തുകളിൽ ഇപ്പോൾ കോൺഗ്രസ് ജയിച്ചിട്ടുണ്ട്. ഏഴ് സീ‌റ്റ് വീതം എൻ.സി.പിയ്‌ക്കും സി.പി.എമ്മിനുമുണ്ടായിരുന്ന കടനാട് ഇപ്പോൾ അഞ്ച് സീ‌റ്റ് കോൺഗ്രസ് ജയിച്ചു. പാർട്ടി യുഡിഎഫിനോട് അടുക്കുന്നു എന്ന ആരോപണം തെ‌റ്റാണെന്നും തോമസ് ചാണ്ടി അനുസ്‌മരണത്തിനാണ് ഉമ്മൻചാണ്ടിയെ ക്ഷണിച്ചതെന്നും മാണി.സി.കാപ്പൻ പറഞ്ഞു. എം.എം ഹസനുമായി ഇക്കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

മത്സരിക്കും എന്ന് പറയാനുള‌ള സ്വാതന്ത്ര്യം എൻ.സി.പിയ്‌ക്കുണ്ട്. പാലായിൽ ഞങ്ങളോട് ചെയ്‌തത് അനീതിയാണെന്ന് ഉറപ്പിച്ച് പറയും. എൻ.സി.പി നേരിട്ട് മത്സരിച്ചാൽ ജയിക്കാനാകും. കേരളകോൺഗ്രസ് വന്നതോടെ എൽ.ഡി.എഫിന് ഊർജ്ജം മ‌റ്റ് മണ്ഡലങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടാകാം എന്നാൽ പാലായിൽ അതില്ലെന്നും മാണി.സി.കാപ്പൻ പറഞ്ഞു.

ഇടത് മുന്നണിയുമായി കേരളകോൺഗ്രസ് ജോസ് വിഭാഗം സഹകരണമാരംഭിച്ചത് മുതൽ തന്നെ പാലാ സീ‌റ്റിന്റെ കാര്യത്തിൽ അടിയുറച്ച നിലപാടാണ് മാണി.സി.കാപ്പൻ പുലർത്തിയിരുന്നത്. എൻ.സി.പി ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പിന്തുണ ഇക്കാര്യത്തിൽ മാണി.സി.കാപ്പന് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ സീ‌റ്റ് വിഭജനത്തിൽ അവഗണന നേരിട്ടെന്ന് മുൻപ് മാണി.സി.കാപ്പൻ പരസ്യമായി പരാതിപ്പെട്ടിരുന്നു. മുന്നണി മര്യാദയുടെ പേരിൽ ഇതുവരെ എവിടെയെങ്കിലും പരാതിപ്പെട്ടിട്ടില്ലെന്നും മാണി.സി.കാപ്പൻ അന്ന് അഭിപ്രായപ്പെട്ടു. അതേസമയം എൻ.സി.പിയെ അവഗണിച്ചിട്ടില്ലെന്നും കേരള കോൺഗ്രസിന്റെ വരവോടെ മുന്നണിയിൽ എല്ലാ കക്ഷികളും വിട്ടുവീഴ്‌ച ചെയ്യേണ്ടി വരുമെന്നും സിപിഎം അന്ന് അറിയിച്ചിരുന്നു.