swapna-suresh

തിരുവനന്തപുരം : കൊഫെപോസ ചുമത്തപ്പെട്ട് ജയിലിൽ കഴിയവെ സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ കേരള പൊലീസിന് നൽകിയ മൊഴിയിലും പൊലീസുകാരിയുടെ പങ്ക് വ്യക്തമാക്കി സ്വപ്ന. ഇതേ സംഭവത്തിൽ കസ്റ്റംസിനും ഇഡിക്കും നൽകിയ മൊഴിയിലും സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് ശബ്ദ സന്ദേശം ചോർത്തിയതിന് പിന്നിലെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരി തന്നോട് പറഞ്ഞ കാര്യങ്ങളാണ് ഫോണിലൂടെ മറുതലയ്ക്കലുള്ള ആളിനോട് പറഞ്ഞത്. ഇതാരാണെന്ന് തനിക്ക് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം തന്നെ നിർബന്ധിച്ചാണ് ഇക്കാര്യങ്ങൾ പറയിച്ചതെന്ന് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി ബിജിമോന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് സ്വപ്നയുടെ മൊഴിയെടുത്തത്.

മറ്റൊരാളിന്റെ ഫോണിൽ സ്വപ്ന സംസാരിച്ചത് റെക്കാഡ് ചെയ്ത്, കേന്ദ്ര ഏജൻസികൾക്കെതിരായ ഭാഗമായാണ് പുറത്തുവിട്ടതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നതായാണ് ഓൺലൈൻ ചാനൽ സ്വപ്ന സുരേഷിന്റേതായി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്. അതേസമയം, ഒരു വനിതയടക്കം രണ്ട് പൊലീസ് സംഘടനകളിലെ രണ്ട് നേതാക്കളാണ് ശബ്ദരേഖ റെക്കാഡ് ചെയ്യലിന് പിന്നിലെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.

കൊച്ചിയിൽ വച്ച് സുരക്ഷാ ചുമതലയുള്ള വനിതാ സിവിൽ പൊലീസ് ഓഫീസറുടെ ഫോണിൽ നിന്ന് വിളിച്ചാണ് സ്വപ്നയുടെ ശബ്ദം റെക്കാഡ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു ഉന്നതൻ തയ്യാറാക്കി നൽകിയ കാര്യങ്ങൾ സ്വപ്ന അതേപടി ഫോണിൽ പറയുകയായിരുന്നു. പൊലീസ് സംഘടനയുടെ മുതിർന്ന നേതാവാണ് കൊച്ചിയിൽ വേണ്ട ഏർപ്പാടുകൾ ചെയ്തത്. സ്‌പെഷ്യൽ ഡ്യൂട്ടികൾ മാത്രം ചെയ്യുന്ന കൊച്ചിയിലെ വനിതാ നേതാവാണ് തിരക്കഥ സ്വപ്നയെ ഏൽപ്പിച്ചത്. തന്റെ ഫോണിൽ നിന്ന് വിളിച്ചാൽ കുടുങ്ങുമെന്നതിനാൽ മറ്റൊരു പൊലീസുകാരിയുടെ ഫോണിൽ നിന്ന് സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ വിളിക്കുകയായിരുന്നു. ഈ ഫോൺവിളിയിൽ നിന്നാണ് കേന്ദ്ര ഏജൻസികൾക്കെതിരായ ഭാഗം എഡിറ്റ് ചെയ്‌തെടുത്ത് പ്രചരിപ്പിച്ചത്. നവംബർ 18നാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ശബ്ദരേഖ പുറത്തുവിട്ടത് അന്വേഷണം അട്ടിമറിക്കാനാണെന്നും പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കസ്റ്റംസും ഇ.ഡിയും സംശയിക്കുന്നു.