
മലയാളക്കരയുടെ മുഴുവൻ ഇഷ്ടവും പിടിച്ചുവാങ്ങി തനി നാടൻശൈലിയിലുള്ള വർത്തമാനവും വിഭവങ്ങളുമായി യൂട്യൂബിൽ എട്ടരലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ അന്നാമ്മ ചേടത്തിയുടെ ജീവിതം കണ്ണീരിൽ നിന്നും പൊരുതിക്കയറിയ അതിജീവനത്തിന്റെ ഒന്നാന്തരം മാതൃകയാണ്. ആ കഥ ചേടത്തിയിൽ നിന്നു തന്നെ കേൾക്കാം, ഒപ്പം ആ രുചിവിശേഷങ്ങളുമറിയാം
കഴിഞ്ഞ നാളുകൾ ഒന്നു ഓർത്തെടുത്താൽ അന്നാമ്മ ചേടത്തിയുടെ കണ്ണുനിറയും. ഒരായിരം ഓർമ്മകളുണ്ട്, സങ്കടത്തിന്റെ നോവിൽ പ്രാർത്ഥനയെ മുറുകെപ്പിടിച്ച എത്രയോ രാവുകളും പകലുകളും കടന്നുപോയിട്ടുണ്ട്. ഇന്നിപ്പോൾ ആ ഇരുട്ടെല്ലാം മാറി പ്രതീക്ഷയുടെ കിരണങ്ങൾ വന്നുദിച്ചിരിക്കുകയാണ്. ക്രിസ്മസ് മഞ്ഞ് വീണു തുടങ്ങിയ വയനാട്ടിലെ നടവയലിലെ വീട്ടിൽ കാണുമ്പോൾ ഏറെക്കാലമായി മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നം സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ചേട്ടത്തി. കേൾക്കുമ്പോൾ ഒരു മധുരപ്രതികാരം എന്നൊക്കെ തോന്നിയേക്കാം നമുക്ക്, പക്ഷേ അന്നാമ്മ ചേട്ടത്തിക്ക് അത് ആഗ്രഹം മാത്രമായിരുന്നു. ജനിച്ച് വളർന്ന നാട്ടിൽ ഒന്ന് പോകണം.  ഒാണം  തുരുത്തിലെ കൈപ്പുഴ കവലയിലൂടെ ഒന്ന് നടക്കണം, അക്ഷരം പഠിച്ച ആ കുറുമള്ളൂർ സ്കൂൾ മുറ്റമൊന്ന് കാണണം,  മാമോദീസ നൽകിയ പള്ളി, പിന്നെ വേര് പോലെ പടർന്ന് കിടക്കുന്ന ബന്ധുവീടുകൾ. അവിടെയൊക്കെ പോകണം. ഇങ്ങനെ ചില പദ്ധതികളുമായാണ് കൊവിഡ് നിബന്ധനകൾ പാലിച്ച് മകൻ ബാബുവിനൊപ്പം വയനാട്ടിൽ നിന്നും കോട്ടയത്തേക്ക് യാത്ര തിരിച്ചത്. വയസ്  എഴുപത്തിയെട്ടായി. ആർക്കും ചിലപ്പോൾ അറിയണമെന്നില്ല.  എങ്കിലും ഒന്ന് പോയി എല്ലാം കണ്ടുവരണം... ഇതൊക്കെയായിരുന്നു  മനസിൽ. പിറന്നുവീണ മണ്ണിൽ ചെന്നിറങ്ങിയപ്പോൾ അന്നാമ്മചേടത്തിയുടെ കണ്ണ് വീണ്ടും നിറഞ്ഞു,  സങ്കടം കൊണ്ടല്ല, മനസുനിറഞ്ഞ സന്തോഷമായിരുന്നു കണ്ണീരായി പുറത്തുവന്നത്. കവലകൾ തോറും സ്വീകരണങ്ങൾ, സ്നേഹാന്വേഷണങ്ങൾ, നിരവധി കുക്കറി ഷോകൾ. ഒരു ദിവസത്തെ പരിപാടി  അങ്ങനെ നാലുദിവസത്തിലേക്ക് വഴിമാറി. എല്ലാം കൺകുളിർക്കെ കണ്ടു, ജന്മനാടിന്റെ സ്നേഹം അവർ ആവോളം നുകർന്നു. ചട്ടയും മുണ്ടുമുടുത്ത് 'അന്നാമ്മച്ചേടത്തി" സ്പെഷ്യൽ എന്ന യൂട്യൂബ് ചാനലിൽ നാടൻ വിഭവങ്ങൾ ഒരുക്കുന്ന താരമാണിപ്പോൾ ചേടത്തി. ചാനൽ തുടങ്ങി ഒരുവർഷത്തിനുള്ളിൽ എട്ടരലക്ഷം സബ്സ്ക്രൈബേഴ്സിനെ ചേടത്തി സ്വന്തമാക്കി, ഒരു വീഡിയോയ്ക്ക്  ഒരു ലക്ഷം മുതൽ പതിമൂന്നുലക്ഷം വരെയാണ് കാഴ്ചക്കാർ. ചേടത്തിയുടെ 'ഹായ്" യൂട്യൂബിൽ ഹിറ്റാണിപ്പോൾ.
********************
പട്ടിണിയും ഇല്ലായ്മയും നിറഞ്ഞതായിരുന്നു ചെറുപ്പം. അക്കാലത്ത് പനയിടിച്ച് ഉണ്ടാക്കുന്ന കൂറുക്ക് മാത്രമായിരുന്നു ഭക്ഷണം. മടുത്തെന്ന് പറയാൻ മടി. കാരണം മറ്റൊന്നും അക്കാലത്ത് കിട്ടില്ല. അങ്ങനെയാണ് ചാച്ചൻ കുഞ്ഞ്  ഉതുപ്പ് അമ്മ മറിയത്തോടൊപ്പം മക്കളെയും  കൂട്ടി വയനാട്ടിലേക്ക് ചുരം കയറിയത്. പത്ത് മക്കളിൽ രണ്ടാമത്തെയാളായിരുന്നു അന്നാമ്മ. വയനാട് ചുരം കയറാൻ കാരണമുണ്ടായിരുന്നു. കപ്പ കൃഷി ചെയ്ത് അതെങ്കിലും തിന്ന് ജീവിക്കാമല്ലോ എന്ന് കരുതി മാത്രം. അന്ന് അന്നമ്മക്ക് വയസ് ഒമ്പത്. വയനാട്ടിലേക്ക് വരുന്നതിന് മുമ്പ്  ഒാണം തുരുത്തിലെ കൈപ്പുഴ കവലയിലെ വയലുകളിൽ കൂലിപ്പണിക്ക് പോയിട്ടുണ്ട്. വീട്ടു ജോലികളും ചെയ്തിട്ടുണ്ട്. ആ ചെറിയ പ്രായത്തിൽ ചെയ്യാത്ത ജോലികളൊന്നും ഇല്ല. എന്നിട്ടും ദാരിദ്ര്യം മാറിയില്ല. പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യം അനുവദിച്ചില്ല.പെൺ പിള്ളേർ പള്ളിക്കൂടത്തിൽ പോകാൻ പാടില്ല, വീട്ടുജോലി നോക്കി വീട്ടിലിരിക്കണമെന്നായിരുന്നു അന്ന് ചാച്ചൻ പറഞ്ഞത്. അങ്ങനെ അമ്മ അടുക്കളപ്പണി പഠിപ്പിച്ചു. മാറി മാറി വച്ചുണ്ടാക്കാൻ. അധികമൊന്നുമില്ലെങ്കിലും ഉള്ളത് നന്നായി വയ്ക്കും. അന്ന് അമ്മയിൽ നിന്ന് കിട്ടിയ കൈപ്പുണ്യമാണ് ഇന്ന് അന്നാമ്മ ലോകത്തിന് മുന്നിൽ വിളമ്പുന്നത്.

 ********************
പത്തൊമ്പതാമത്തെ വയസിലായിരുന്നു അന്നാമ്മയുടെ വിവാഹം. സ്റ്റീഫനായിരുന്നു ഭർത്താവ്. കുടുംബത്തിന് ആകെയുള്ളത് ഒന്നര ഏക്കർ ഭൂമി മാത്രം. പിന്നെ ആറ് മക്കളും. മക്കളെ വളർത്താൻ അന്നാമ്മയും സ്റ്റീഫനും നന്നേ ബുദ്ധിമുട്ടി. കുഞ്ഞുങ്ങളുടെ കാര്യം നോക്കിയ ശേഷം അന്നാമ്മയും ജോലിക്ക് പോകും. എന്ത് ജോലി എന്നൊന്നുമില്ല. എന്തും ചെയ്യും. അങ്ങനെ ആറ് കുട്ടികളെയും വളർത്തി. ഇളയ കുഞ്ഞിനെയും കൊണ്ട് കൂലിപ്പണിക്ക് പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്. പണി കഴിഞ്ഞെത്തിയാൽ കഞ്ഞിയുണ്ടാക്കും. പലപ്പോഴും അവസാനത്തെയാൾക്ക് വറ്റുണ്ടാവില്ല. വെറും കഞ്ഞി വെള്ളം മാത്രം.  എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി. കണ്ണുനീർ തോർന്ന ദിവസങ്ങളുണ്ടായിരുന്നില്ലെന്ന് അന്നാമ്മച്ചേടത്തി ഓർക്കുന്നു. പക്ഷേ ഏത് പ്രതിസന്ധിയെയും നേരിടണമെന്ന് അന്നാമ്മ പിന്നീടങ്ങ് പഠിച്ചു. മക്കളെ കെട്ടിച്ചയക്കാൻ ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റു. താമസം പിന്നീട് വാടക വീട്ടിലേക്കായി. മൂവായിരത്തി അഞ്ഞൂറ് രൂപയാണ് വാടക. കുടുംബം പുലർത്തണം, വീടിന്റെ വാടകയും നൽകണം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നന്നായി പ്രയാസപ്പെട്ട കാലം. അങ്ങനെയാണ് തൊട്ടടുത്ത വിൻസെന്റ് ഡി പോൾ സൊസൈറ്റി വകയായുളള ഒാശാനഭവനിലെ ജോലിക്കായി പോയത്. അമ്പത് രൂപയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. ഒരു അഗതി മന്ദിരത്തിൽ പ്രായം ചെന്ന അമ്പതോളം പേർക്ക് ഭക്ഷണം വയ്ക്കണം. അന്നാമ്മയുടെ കൈപ്പുണ്യം അവിടെ നിന്നാണ് തുടങ്ങിയത്.
********************
ഡിസംബറിലെ  ഒരു തണുപ്പുള്ള ക്രിസ്മസ് രാത്രി. കരോൾ ഗാനവുമായി പള്ളിയിൽ നിന്ന് സംഘമെത്തി. അവർക്ക് കൊടുക്കാൻ കാപ്പി പോലും വീട്ടിലില്ല. കരോൾ സംഘത്തിന്റെ പുൽക്കൂട്ടിലെ  ഉണ്ണിയേശുവിനെ നോക്കി കൊണ്ട് അന്നാമ്മ ഹൃദയം പൊട്ടി കരഞ്ഞു. ഉണ്ണിയേശുവിനെ വാഴ്ത്തി കരോൾ സംഘം കണ്ണിൽ നിന്ന് മറയുന്നതിന് മുമ്പ് ഒരു ആശ്വാസ കിരണം തന്നിലേക്ക് പ്രവഹിച്ചത് പോലെ അവർക്ക് തോന്നി. മകൻ ബാബുവിന് ഇറാഖിൽ ജോലി ശരിയായി. അമേരിക്കൻ ആർമിക്കാരുടെ കുക്കായിട്ടായിരുന്നു ജോലി. നാല് വർഷം ബാബു അവിടെ കഷ്ടപ്പെട്ട് ജോലി ചെയ്ത് സ്വന്തമായി ഒരു വീട് പണിതു. അന്നാമ്മയെപ്പോലെ തന്നെയായിരുന്നു മകൻ ബാബുവും. കൂലിപ്പണിയും തെങ്ങിൽ കയറ്റവുമൊക്കെയായി  ഇനി ചെയ്യാൻ ജോലികളുണ്ടായിരുന്നില്ല. അതും പത്താം വയസ് മുതൽ. നൊന്ത് പ്രാർത്ഥിച്ചപ്പോഴും തന്നെ തമ്പുരാൻ കൈവെടിഞ്ഞിട്ടില്ലെന്ന്  അന്നാമ്മച്ചേടത്തി പറയുന്നു. ********************
കഴിഞ്ഞ വർഷം ഡിസംബറിലെ ഒരു പന്ത്രണ്ടാം തീയതി. തികച്ചും നാട്ടുംപുറത്തുകാരിയായ അന്നാമ്മയുടെ പേരിൽ 'അന്നാമ്മ ചേടത്തി" എന്ന യൂട്യൂബ് ചാനൽ തുടങ്ങുന്നു. തനി നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ചട്ടയും മുണ്ടും ഉടുത്ത് അസലൊരു നാട്ടിൻപുറത്തുകാരിയായി വന്ന് അന്നാമ്മ തന്റെ പുതിയ സംരംഭം ഗംഭീരമാക്കി. അധികം വൈകാതെ തന്നെ അന്നാമ്മ ചേടത്തിയുടെ നാടൻ വിഭവങ്ങൾ കടൽ കടന്നും ഹിറ്റായി. മുളകിട്ട മീൻ കറിയാണ് അന്നാമ്മ ചേടത്തിയുടെ സ്പെഷ്യൽ. കുടംപുളിയുടെ സത്തെടുത്ത് മുളക് പൊടിയും ചേർത്തുള്ള മീൻകറിയുടെ മണം അടിക്കുമ്പോൾ തന്നെ വായിൽ കപ്പലോടുമെന്ന്  ആരാധകർ  പറയും. കാന്താരി മുളകിൽ പൊരിച്ച മീൻ, പുളിയൻ മാങ്ങിയിട്ട മത്തിക്കറി, പോർക്ക് ഉലർത്ത്, പൊതിച്ചോർ, ചക്കപ്പുഴുക്ക്, ചക്കക്കുരു മാങ്ങാക്കറി, കപ്പബിരിയാണി, ചേനപ്പൂവ് തോരൻ, പുറ്റുമണ്ണിൽ വേവിച്ച കോഴി, കൂർക്കയിട്ട പോർക്ക്... അങ്ങനെ നീളുന്നു സ്വാദൂറും വിഭവങ്ങൾ.  തൊടിയിൽ  ഒരു വഴുതനങ്ങ ഉണ്ടെങ്കിൽ അത് കൊണ്ട്  എന്തെല്ലാം ചെയ്യാമെന്ന് ചെറുപ്പത്തിൽ തന്നെ അമ്മച്ചി അന്നാമ്മയെ പഠിപ്പിച്ചു. ഒരു കഷണം കൊണ്ട് തോരൻ വെക്കാം, പകുതി കൊണ്ട് ചാറ് വയ്ക്കാം, അടുത്ത ചെറിയ കഷണം കൊണ്ട് മീൻ വറക്കുന്നത് പോലെ വറുത്തെടുക്കാം. നടവയൽ സ്വദേശിയും പത്ര പ്രവർത്തകനുമായ സച്ചിനും ഭാര്യ പിഞ്ചുവുമാണ് അന്നാമ്മചേടത്തിയുടെ കഴിവ് തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നത്. 'അന്നാമ്മ ചേടത്തി" യൂട്യൂബിന്റെ ഒരു ഷെയറുകാർ ഇൗ ദമ്പതികളാണ്.

 ********************
വാഹനാപകടത്തിൽ പരിക്ക് പറ്റി ശരീരം തളർന്ന് കിടപ്പിലായ വയനാട് കൊളഗപ്പാറയിലെ പ്രശാന്തിന്റെ വീട്ടിലാണ് അന്നമ്മചേടത്തി യൂട്യൂബിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. ഏറെ കഷ്ടതകൾക്ക് നടുവിലാണ് പ്രശാന്ത്. വീടില്ല, ആരും സഹായത്തിനില്ലെന്നും പറഞ്ഞപ്പോൾ അന്നാമ്മ ചേടത്തി പറഞ്ഞത് ഇങ്ങനെയാണ്, 'പ്രശാന്തേ.. നീ ഒറ്റക്കല്ല, വിഷമിക്കരുത്, എനിക്ക്  എട്ടരലക്ഷം മക്കളുണ്ട് ലോകത്ത്. അവർ നിന്നെ സഹായിക്കും." ഒന്നര ലക്ഷത്തോളം രൂപ പ്രശാന്തിന്റെ അക്കൗണ്ടിലേക്കെത്തി. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബറാണ് അന്നാമ്മചേടത്തി. സ്വത്ത് ഉണ്ടാക്കണം, വലിയ ആളാകണം എന്ന ചിന്തയൊന്നുമില്ല. അന്നന്ന് കഴിഞ്ഞ് പോകണം. അതാണ് അന്നമ്മാചേടത്തിയുടെ ചിന്ത. മകൻ ബാബുവിനൊപ്പമാണ് അന്നാമ്മ ചേടത്തി കഴിയുന്നത്. ബാബുവും ഭാര്യ അന്നയും മക്കളായ അനു, അജു, അജയ് എന്നിവരും യൂട്യൂബ് ചാനലിന് വേണ്ടി സഹായിക്കുന്നു.
********************
ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് അന്നാമ്മ ചേടത്തിയുടെ ഭർത്താവ് സ്റ്റീഫൻ മരണപ്പെടുന്നത്. മോളി, തോമസ്, ലിസി, ബാബു, ഷൈമോൾ, പരേതയായ ഷൈനി ഇവരാണ് മക്കൾ. ഇതിൽ മൂത്ത മകൾ മോളിയെ പഠിപ്പിക്കാൻ കഴിയാത്തതിന്റെ ദു:ഖം അന്നാമ്മച്ചേടത്തിയ്ക്ക് ഇപ്പോഴുമുണ്ട്. പത്താംതരം വരെയെങ്കിലും മക്കളെ പഠിപ്പിക്കണമെന്നായിരുന്നു അന്നാമ്മച്ചേടത്തിയുടെ ആഗ്രഹം. മകൻ തോമസ് സ്റ്റീഫൻ സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിലെ അദ്ധ്യാപകനാണ്. മകൾ ലിസി ഇപ്പോൾ ലണ്ടനിലാണ്. ഇളയ മകൾ ഷൈനി ഒരു വർഷം മുമ്പാണ് മരണപ്പെട്ടത്. മകൻ ബാബുവാണ് അന്നാമ്മ ചേച്ചിയെയും കൂട്ടി ഇപ്പോൾ കുക്കറി ഷോയുടെ പേരിൽ രാജ്യം മുഴുവൻ സഞ്ചരിക്കുന്നത്. വീടിന് അതിര് പങ്കിടുന്ന തൊട്ടടുത്ത ഒാശാനം ഭവനിൽ ഇപ്പോൾ പ്രായമായ അന്തേവാസികൾ നിറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർ. പല ജാതിക്കാർ, പല ഭാഷക്കാർ. പതിനൊന്ന് വർഷം അവിടെ പാചകം ചെയ്ത അനുഭവമാണ് ഇന്ന് തന്നെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാൻ ഇടയാക്കിയതെന്നാണ് അന്നാമ്മച്ചേടത്തിയുടെ പക്ഷം.
ഡിസംബറിലെ മറ്റൊരു തണുപ്പുള്ള രാത്രി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരോൾ ഗാനവുമായി ഗായക സംഘം എത്തി. കൈവീശിക്കാണിക്കുന്ന സാന്താക്ലോസ്. അവർക്കിടയിൽ നിറ ചിരിയുമായി പുൽക്കൂട്ടിലെ ഉണ്ണിയേശു. ആ കണ്ണുകളിൽ നിന്ന് ചൊരിയുന്നത് പ്രതീക്ഷയുടെ കിരണങ്ങളും. ഞങ്ങൾ അന്നാമ്മ ചേടത്തിയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പടിയിറങ്ങുമ്പോൾ തമ്പുരാനിൽ നിന്ന് കിട്ടിയ ആ ധൈര്യത്താൽ അന്നാമ്മ ചേടത്തി നിറഞ്ഞ ചിരിയോടെ പറഞ്ഞു- ' ബായ്, ഹാപ്പി ക്രിസ്മസ്...""
(ബാബുവിന്റെ ഫോൺ നമ്പർ:7559037808)