
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ജയിലിൽ ഭീഷണി ഇല്ലെന്ന് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ്. ജയിലിൽ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയിൽവകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. സ്വപ്‌ന സുരേഷിന് ജയിലിൽ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന നിലപാടാണ് ജയിൽ വകുപ്പിന്.
ജയിൽ വകുപ്പിന്റെ ഭാഗം കേൾക്കാതെയാണ് എറണാകുളം സി ജെ എം കോടതി ഉത്തരവിറക്കിയത്. ജയിൽ വകുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഉത്തരവ് എന്നും ഹർജിയിലുണ്ട്. ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തനിക്ക് ജയിലിനുളളിൽ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചിരുന്നത്. തുടർന്നാണ് സ്വപ്‌നയ്‌ക്ക് ജയിലിൽ കർശന സുരക്ഷ ഒരുക്കണമെന്ന് കോടതി നിർദേശിച്ചത്.
അതേസമയം, ജയിലിൽ വച്ച് പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തണമെന്നാണ് ജയിൽ ഡി ജി പിയുടെ ഉത്തരവ്. ഇങ്ങനെ പകർത്തുന്ന വീഡിയോ പതിനെട്ട് മാസം സൂക്ഷിക്കണമെന്ന് ഉത്തരവിലുണ്ട്. പൊലീസിനും കേന്ദ്ര ഏജൻസികൾക്കും ഈ ഉത്തരവ് ബാധകമാണ്. വീഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന എജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പു വരുത്തണമെന്ന് ഡി ജി പി നിർദേശിച്ചിട്ടുണ്ട്.