raveendran

കൊച്ചി: എൻഫോഴ്‌സ്‌മെ‌ന്റ് നോട്ടീസി‌നെതിരായ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തളളി. രവീന്ദ്രനെ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഹൈക്കോടതി തീരുമാനം.നാലാമത്തെ നോട്ടീസിലാണ് സി എം രവീന്ദ്രൻ കൊച്ചിയിലെ എൻഫോഴ്‌സമെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്.

ഇ ഡി നൽകിയ നോട്ടീസിനെ ചോദ്യം ചെയ്‌‌ത് കൊണ്ട് സി എം രവീന്ദ്രൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിരന്തരം നോട്ടിസുകൾ നൽകി ഇ ഡി തന്നെ ബുദ്ധിമുട്ടിക്കുകയാണ്. കൊവിഡിന് ശേഷം താൻ അവശനാണ് തുടങ്ങിയ വാദങ്ങളാണ് രവീന്ദ്രൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഈ വാദങ്ങളെ കോടതി എതിർക്കുകയായിരുന്നു.

എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന ഒരു കേസിലും താൻ പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും രവീന്ദ്രൻ കോടതിയിൽ പറഞ്ഞിരുന്നു. നേരത്തെ മൂന്ന് തവണയും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞ തവണ ഇ ഡി നോട്ടീസ് അയച്ചപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ ഒരാഴ്ച സമയം നീട്ടിനൽകണമെന്ന് രവീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അഭ്യർത്ഥന തളളിയാണ് ഇന്ന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടത്.