
സഞ്ചാരികളെ അതിശയിപ്പിക്കുന്നൊരു കാഴ്ചയുണ്ട് ജപ്പാനിലെ ഹെൽവാലി എന്ന ജിഗോകുഡാനി മങ്കിപാർക്കിൽ. തണുപ്പിൽ നിന്ന് രക്ഷനേടാൻ ചൂടുനീരുറവകളിൽ നീരാടുന്ന കുരങ്ങൻമാരുടെ കാഴ്ച വളരെ കൗതുകകരമാണ്. അതിശൈത്യം സഹിക്കവയ്യാതെ മുഖത്തും ദേഹത്തും നിറയെ മഞ്ഞുമായി ആവിപറക്കുന്ന കുളത്തിൽ മുങ്ങിക്കിടക്കുന്ന രംഗം കാണാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്. സ്‌നോ കുരങ്ങുകൾ എന്നറിയപ്പെടുന്ന ജാപ്പനീസ് മക്കാക്കുകളാണ് പതിറ്റാണ്ടുകളായി ജപ്പാനിലെ ജിഗോകുഡാനിയിലെ ചൂടുള്ള നീരുറവയിൽ പതിവായി കുളിക്കാനെത്തുന്നത്. ജാപ്പനിസ് മക്കാക്കുകൾ എന്നയിനം കുരങ്ങുകൾ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പ്രൈമേറ്റുകളുടെ ഇനമാണ്, മാത്രവുമല്ല അവ വളരെ തണുത്ത ശൈത്യകാലവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവയുമാണ്.
ജിഗോകുഡാനി മംഗി പാർക്കിൽ താമസിക്കുന്ന ഈകുരങ്ങൻമാർക്ക് ശൈത്യകാലത്തെ തണുപ്പിനെ തടയാൻ കട്ടിയുള്ളതും നീളമുള്ളതുമായ രോമങ്ങളുള്ളതിനാൽ ശരീരത്തിന്റെ സാധാരണ താപനില നിലനിർത്തുന്നുവെന്ന് ഗവേഷകർ പറയുന്നു. എന്നാൽ, ഈ പാർക്കിന് സമീപം റിസോർട്ട് ആരംഭിച്ച വ്യക്തി ഒരിക്കൽ അവിടുത്തെ മനുഷ്യനിർമ്മിത ചുടുനീരുറവയിൽ ഒരു കുരങ്ങൻ കുളിയ്ക്കുന്നത് കാണാനിടയായി.1963ലായിരുന്നു ഈ സംഭവം. പിന്നീട് ആ കുരങ്ങിനെ പിൻതുടർന്ന് മറ്റ് കുരങ്ങുകളും ഈ സ്വഭാവം പകർത്താൻ ആരംഭിച്ചു. അങ്ങനെയാണ് പാർക്ക് അധികൃതർ കുരങ്ങുകൾക്കായി ഒരു ചൂടുള്ള നീരുറവ നിർമ്മിച്ചത്.
ഹെൽ വാലി എന്നാണ് മങ്കിപാർക്ക് സ്ഥിതിചെയ്യുന്ന ജിഗോകുഡാനി അറിയപ്പെടുന്നത്. അഗ്നിപർവ്വത പ്രവർത്തനങ്ങളുള്ള ജാപ്പനീസ് താഴ‌്‌വരകളുടെ പൊതുവായ പേരാണിത്. ചൂടുവെള്ളത്തിൽ കുളിക്കുന്ന കുരങ്ങുകളുടെ പ്രതിഭാസം ലോകത്ത് മറ്റൊരിടത്തും കാണാനാവാത്തിനാൽ പാർക്കിലേയ്ക്ക് സന്ദർശകരുടെ ഒഴുക്കാണ്. ടോക്കിയോയിൽ വിനോദയാത്ര ഒഴിവാക്കാൻ കഴിയാത്തൊരു സ്ഥലമാണിത്.
കുരങ്ങുകൾ കൂട്ടമായി കുളിക്കാനെത്തുന്ന പ്രധാന ചൂടുള്ള നീരുറവയ്ക്ക് ചുറ്റും ഒരു ചെറിയ വേലി ഉണ്ട്, ആ വേലിയ്ക്കടുത്ത് നിന്നാണ് സഞ്ചാരികൾ സെൽഫി എടുക്കുന്നത്. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പാർക്കിലേക്ക് ഭക്ഷണമൊന്നും കൊണ്ടുപോകരുത്. പല യാത്രകളിലും ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കാനും ആക്രമിക്കാനും വരുന്ന കുരങ്ങുകളെയും എല്ലാ യാത്രക്കാർക്കും അറിയാം. ജപ്പാനിലെ കുരങ്ങൻമാരായതുകൊണ്ട് എന്തെങ്കിലും വ്യത്യാസമുണ്ടാകുമെന്ന് കരുതരുത്.
യാത്രക്ക് അനുയോജ്യമായ സമയം. വർഷം മുഴുവനും പാർക്ക് തുറന്നിട്ടുണ്ടെങ്കിലും, കുളിക്കുന്ന കുരങ്ങുകൾ മഞ്ഞുകാലത്ത് പ്രത്യേകിച്ചും ഫോട്ടോജെനിക് ആയിരിക്കും.