sivakumar

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാർട്ടിക്കുളളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തളളി മുൻ മന്ത്രിയും എം എൽ എയുമായ വി എസ് ശിവകുമാർ. കോർപ്പറേഷനിലേക്കുളള സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നാണ് ശിവകുമാർ പറയുന്നത്. പ്രാദേശിക കമ്മിറ്റികളാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വിമതശല്യം ധാരാളം ഉണ്ടായിരുന്നു. ഇതാണ് തീരദേശ മേഖലയിലടക്കം സംഭവിച്ചത്. തനിക്കെതിരെയുളള പോസ്റ്ററുകളെക്കുറിച്ച് ഒന്നും പറയുന്നില്ല. കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന ആരും പോസ്റ്റർ ഇറക്കില്ല. പ്രാദേശിക വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്താകെ ഉണ്ടായ തിരിച്ചടി തിരുവനന്തപുരത്തും ഉണ്ടായെന്ന് മാത്രമേയുളളൂ. തോൽവി പാർട്ടി പരിശോധിക്കും. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ വലിയ പാളിച്ച ഉണ്ടായിട്ടില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.