kafeel-khan

ന്യൂഡൽഹി: അലിഗഡ് മുസ്ളിം സർവകലാശാലയിൽ വിദ്യാർ‌ത്ഥികളോട് പ്രകോപനപരമായി പ്രസംഗിച്ച കേസിൽ ഡോ.കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാനാകില്ലെന്ന് സുപ്രീംകോടതി. 2019 ഡിസംബർ 13ന് നിരോധനാജ്ഞ ലംഘിച്ച് പ്രകോപനപരമായി പ്രസംഗിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാനുള‌ള നീക്കത്തെ സെപ്‌തംബർ 1ന് പുറത്തിറക്കിയ ഉത്തരവിൽ ഉത്തർപ്രദേശിലെ ഹൈക്കോടതി തടഞ്ഞു.

ഖാൻ പ്രകോപനപരമായി സംസാരിച്ചു എന്നുകാണിച്ച് ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും സംയുക്തമായി സുപ്രീംകോടതിയിൽ ഹർജി നൽകി. എന്നാൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവ് തിരുത്താൻ സുപ്രീംകോടതി തയ്യാറായില്ല. പക്ഷെ ഖാനെതിരായ ക്രിമിനൽ കേസുകൾ തുടരുന്നതിന് തടസമില്ലെന്നും ചീഫ്‌ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2017ൽ ഗോരഖ്പൂ‌റിലെ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ മരണമടഞ്ഞ സംഭവത്തോടെയാണ് കഫീൽഖാൻ യു.പി സർക്കാരിന്റെ നോട്ടപ്പുള‌ളിയായത്. സംസ്ഥാന സർക്കാർ വിഷയത്തിൽ വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്ന് അന്ന് അഭിപ്രായപ്പെട്ട കഫീൽഖാൻ അലിഗഡ് സർവകലാശാലയിൽ കഴിഞ്ഞ വർഷം അവസാനം നടത്തിയ പ്രസംഗത്തെ തുടർന്ന് അറസ്‌റ്റിലാവുകയായിരുന്നു. തുടർന്ന് ഡോ.കഫീൽഖാന്റെ മാതാവ് നുസ്‌ഹത് പർവീൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുകയും ഏഴ് മാസത്തിന് ശേഷം ജയിൽ മോചിതനാക്കുകയും ചെയ്‌തിരുന്നു.