narendra-modi

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് ( അന്നത്തെ കിഴക്കൻ പാകിസ്ഥാൻ) ഉണ്ടായിരുന്നതും 1965 മുതൽ നിർത്തിവച്ചതുമായ ട്രെയിൻ സർവീസ് പുനരാരംഭിച്ച് ഇന്ത്യയും ബംഗ്ലാദേശും. പശ്ചിമ ബംഗാളിലെ ഹൽദിബാരി മുതൽ ബംഗ്ലാദേശിലെ ചിലഹരി വരെ ബന്ധപ്പെടുത്തിയുള്ള ട്രെയിൻ സർവീസാണ് ഇന്നുമുതൽ പുനരാരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ന് ഓൺലൈനിലൂടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രെയിൻ സർവീസിന് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ ചരക്ക് നീക്കത്തിന് മാത്രമാവും ഈ പാത ഉപയോഗിക്കുക, എന്നാൽ പിന്നീട് പാസഞ്ചർ സർവീസുകളും ഇതു വഴി ആരംഭിക്കും.

ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങൾക്ക് നേട്ടമാവുന്ന തരത്തിൽ 'ചിക്കൻനെക്ക് വഴി'യുള്ള വികസനത്തിനും
ഹൽദിബാരി - ചിലഹരി റെയിൽവേ ലൈൻ സഹായകമാവും, ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ മാത്രം വീതിയുള്ള സ്ഥലത്തെയാണ് ചിക്കൻനെക്ക് (സിലിഗുരി ഇടനാഴി) എന്ന് വിശേഷിപ്പിക്കുന്നത്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, നേപ്പാൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് സിലിഗുരി ഇടനാഴി.


നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ കീഴിലാണ് ഈ പാത വരുന്നത്. അന്താരാഷ്ട്ര അതിർത്തിമുതൽ ഹൽദിബാരി റെയിൽവേ സ്റ്റേഷൻ വരെ 4.5 കിലോമീറ്റർ ദൂരമാണുള്ളത്. എന്നാൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 75 കിലോമീറ്ററോളം നീളത്തിലുള്ള റെയിൽവേ പാതയാണ് വികസിപ്പിച്ചിട്ടുള്ളത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ അയൽരാജ്യങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്ന തന്റെ സർക്കാരിന്റെ നയത്തിൽ ബംഗ്ലാദേശിന് സുപ്രധാനമായ സ്ഥാനമാണ് നൽകുന്നതെന്നും അധികാരത്തിലെത്തി ആദ്യ ദിവസം മുതൽ ഇതിനായി താൻ പരിഗണന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തടയുന്നതിൽ ബംഗ്ലാദേശ് സർക്കാർ സ്വീകരിച്ച നടപടികളെ മോദി പ്രകീർത്തിച്ചു. വാക്സിൻ ഗവേഷണമുൾപ്പടെ ആരോഗ്യ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി സംസാരിച്ചു.

അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന ഇന്ത്യയെ ബംഗ്ലാദേശിന്റെ യഥാർത്ഥ സുഹൃത്താണെന്ന് വിശേഷിപ്പിച്ചു. 1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് അവർ ആദരാഞ്ജലി അർപ്പിച്ചു. ഞങ്ങളുടെ വിമോചനത്തിനായി പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകിയ സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും താൻ നന്ദിയർപ്പിക്കുന്നുവെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷം രാജ്യം സന്ദർശിക്കാനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയും തന്റെ രാജ്യം സന്ദർശനത്തെ ഉറ്റുനോക്കുകയാണെന്നും ഷെയ്ഖ് ഹസീന അഭിപ്രായപ്പെട്ടു. സ്വതന്ത്ര രാഷ്ട്രമായി 50 വർഷം ആഘോഷിക്കുന്നതിന്റെ വക്കിലാണ് ബംഗ്ലാദേശ്. 1971 ലെ ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിൽ മഹനീയമായ സേവനമാണ് ഇന്ത്യ വഹിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമ്പത് വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് നരേന്ദ്ര മോദിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.