muraleedharan-surendran

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് സ്വർണക്കടത്ത് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറുന്നത് താനാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. സുഹൃത്തുക്കളായ മാദ്ധ്യമപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാകാം സുരേന്ദ്രൻ പുറത്തുവിടുന്നതെന്നും, തനിക്ക് അതുമായി ബന്ധമൊന്നുമില്ലെന്നും മുരളീധരൻ പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിലായിരുന്നു മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.

വി. മുരളീധരന്റെ വാക്കുകൾ-

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിലും അല്ലാതെയും കെ സുരേന്ദ്രന് കേരളത്തിലെ മാദ്ധ്യമപ്രവർത്തകരുമായി നല്ല ബന്ധമാണുള്ളത്. സ്വ‌ർണക്കടത്തുമായി ബന്ധപ്പെട്ട് മാത്രമല്ല, സോളാർ കേസ് വന്നപ്പോഴും അതുമായി ബന്ധപ്പെട്ടുള്ള നിരവധി വിവരങ്ങൾ സുരേന്ദ്രൻ പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു. മാദ്ധ്യമപ്രവർത്തകർ ചില കാര്യങ്ങൾ നേരിട്ട് പത്രത്തിലും മറ്റും എഴുതുന്നതിന് പകരം, സുരേന്ദ്രനെ പോലുള്ള നേതാക്കളെ അറിയിക്കുന്നതായിരിക്കാം.