crime

മുംബയ് : മുംബയ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ആഡംബര ജീവിതത്തിനായി മോഷണ പരമ്പരകൾ നടത്തിയ 46 കാരി പൊലീസ് പിടിയിൽ. 2018 മുതൽ മുംബയ് പൊലീസ് വലവിരിച്ചിരുന്ന മുൻ ഓർക്കസ്ട്ര ഗായികയായിരുന്ന മൂൺ മൂൺ ഹുസൈൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുംബയ് ക്രൈംബ്രാഞ്ച് ഇവരെ ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഷോപ്പിംഗ് മാളുകളിലും മറ്റ് തിരക്കേറിയ മാർക്കറ്റുകളിലും സഞ്ചരിച്ച് വിലകൂടിയ വസ്തുക്കൾ മോഷ്ടിക്കുന്നതായിരുന്നു മൂൺ മൂണിന്റെ രീതി. മുംബയ്, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ഇവർക്കെതിരെ നിരവധി കേസുകളുണ്ട്.

അർച്ചന ബറുവ, നിക്കി തുടങ്ങിയ പേരുകളിലും മൂൺ മൂൺ ഹുസൈൻ അറിയപ്പെട്ടിരുന്നു. കൊൽക്കത്ത സ്വദേശിനിയായ ഇവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. മുംബയ് ലോവർ പരേലിലെ ഫീനിക്സ് മാളിൽ വച്ച് 13 ലക്ഷം രൂപയുടെ ആഭരണങ്ങളും 50,000 രൂപയും ഐഫോൺ 7 ഉം അടങ്ങിയ ഹാൻഡ്ബാഗ് ഒരു സ്ത്രീയുടെ പക്കൽ നിന്നും മൂൺ മൂൺ മോഷ്ടിച്ചിരുന്നു. തുടർന്ന് 2019 ഏപ്രിലിലാണ് മുംബയ് ക്രൈം ബ്രാഞ്ച് ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

2018 മുതൽ തന്നെ മുംബയിലും പരിസര പ്രദേശങ്ങളിലും സമാന രീതിയിൽ ഇവർ മോഷണം നടത്തിയിരുന്നതായും വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ബംഗളൂരുവിൽ മൂൺ മൂണിനെതിരെ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെയും ഹൈദരാബാദിലെ രണ്ട് കേസുകളുടെയും കൊൽക്കത്തയിലെ ഒരു കേസിന്റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. 2013ൽ മോഷണക്കേസിൽ തന്നെ മുംബയിലെ എൻ എം ജോഷി മാർഗ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

crime

 ആഡംബര ജീവിതം

കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ അറിയപ്പെടുന്ന ഓർക്കസ്ട്രാ ഗായികയായിരുന്നു മൂൺ മൂൺ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹൈദരാബാദിൽ ബിസിനസുകാരനായിരുന്ന മൂൺ മൂണിന്റെ ഭർത്താവ് പാപ്പരാവുകയായിരുന്നു. കടം വാങ്ങിയ വൻ തുക തിരിച്ചു നൽകാൻ കഴിയാതെ വന്നതോടെ ദമ്പതികൾ കൊൽക്കത്തയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇരുവരും വിവാഹബന്ധം വേർപെടുത്തി.

ജോലി ഒന്നും ലഭിക്കാതെ വന്നതോടെ തന്റെ ആഡംബര ജീവിതം തുടരുന്നതിനായി മൂൺ മൂൺ മോഷണത്തിലേക്ക് തിരിയുകയായിരുന്നു. നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് വിമാന മാർഗം സഞ്ചരിച്ചാണ് മൂൺ മൂൺ മോഷണ പരമ്പരകൾ നടത്തിയത്.

2012 - 2019 കാലയളവിൽ നിരവധി തവണ മൂൺ മൂൺ ബംഗളൂരു പൊലീസിന്റെ പിടിയിലായി. 2009ൽ കൊൽക്കത്ത പൊലീസും 2008ൽ ഹൈദരാബാദ് പൊലീസും ഇവരെ അറസ്റ്റ് ചെയ്തിരുന്നു. 100 ലേറെ സിസിടിവി ദൃശ്യങ്ങൾ മൂൺ മൂണിനെതിരെ തെളിവായി മുംബയ് ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. മോഷണ വസ്തുക്കൾ മൂൺ മൂണിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.