
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തോട് ചേർന്നുളള അതിർത്തിയിൽ സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരിലൊരാൾ അതിശൈത്യത്തെ തുടർന്ന് മരിച്ചു. പഞ്ചാബിൽ നിന്നുളള 37കാരനായ കർഷകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കുട്ടികളുടെ അച്ഛനാണ് ഇയാൾ.
ഇതിനിടെ ഹരിയാനയിലെ ഗുരുദ്വാരയിലെ സിക്ക് ഗുരു ബാബ രാം സിംഗ് സർക്കാരിന്റെ കർഷകരോടുളള അവഗണനയിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്‌തു. ഈ വാർത്തയ്‌ക്ക് പിന്നാലെയാണ് കർഷകൻ തണുപ്പ് മൂലം മരണമടഞ്ഞ വാർത്തയും പുറത്തുവരുന്നത്. കർഷകരോടുളള സർക്കാരിന്റെ അവഗണനയിലെ വേദനയും ദേഷ്യവും കൊണ്ടാണ് തന്റെ ജീവൻ ബലിനൽകുന്നതെന്ന് രാം സിംഗ് മരണത്തിന് മുൻപ് തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.
നവംബർ അവസാന വാരം ആരംഭിച്ച സമരത്തിൽ ഇതുവരെ 20 കർഷകരുടെ ജീവനാണ് നഷ്‌ടമായത്. ഇവയിലേറെയും ഉത്തരേന്ത്യയിൽ ഇപ്പോൾ അനുഭവപ്പെടുന്ന കൊടും ശൈത്യം താങ്ങാനാവാതെ മരണമടഞ്ഞതാണ്. ചൂടേകാൻ ഹീറ്ററും കമ്പിളിപുതപ്പുമായി നിരവധി വളണ്ടിയർമാർ സമരം ചെയ്യുന്നവരെ സന്ദർശിക്കുന്നുണ്ട്.പ്രതിഷേധക്കാർ പ്രധാനമായും തമ്പടിച്ചിരിക്കുന്ന സിംഗ്ഘുവിൽ രാത്രി കാലങ്ങളിൽ കടുത്ത ശൈത്യകാറ്റുമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ച് ഡിഗ്രിയാണ് ഡൽഹിയിൽ താപനില. എന്നാൽ തണുപ്പൊന്നും പ്രശ്‌നമല്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നുമാണ് കർഷകരുടെ നിലപാട്.
കർഷകർക്ക് സമരം ചെയ്യാനുളള അവകാശമുണ്ടെന്നും എന്നാൽ വഴി തടസപ്പെടുത്തരുതെന്നും പ്രശ്‌ന പരിഹാരത്തിന് കാർഷികമേഖലയെ കുറിച്ച് അറിവുളള വിദഗ്ധരുടെ സമിതി രൂപീകരിക്കുമെന്നും കർഷകസമരം സംബന്ധിച്ചുളള കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.