cm-raveendran-

കൊച്ചി : ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇ ഡി നൽകിയ നാലാമത്തെ നോട്ടീസ് കൈപ്പറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ഹാജരായിരിക്കുകയാണ്. മണിക്കൂറുകൾ നീളുന്ന ചോദ്യം ചെയ്യലിന് അദ്ദേഹം വിധേയനായിക്കൊണ്ടിരിക്കെ ഹൈക്കോടതിയിൽ അദ്ദേഹം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് കോടതി വിധി വന്നത് രവീന്ദ്രന് തിരിച്ചടിയായി. നിരന്തരം നോട്ടീസുകൾ നൽകി ഇഡി ബുദ്ധിമുട്ടിക്കുന്നുവെന്നും, തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് വിലക്കണമെന്നും, ഇ ഡി ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകസാന്നിദ്ധ്യം വേണമെന്നുമാണ് രവീന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ രവീന്ദ്രന്റെ ആവശ്യങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

അഭിഭാഷകസാന്നിദ്ധ്യം ആവശ്യപ്പെട്ടത് എന്തിന് ?

ഇഡി ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകസാന്നിദ്ധ്യം ആവശ്യപ്പെടാൻ സി എം രവീന്ദ്രനെ പ്രേരിപ്പിച്ചത് ശിവശങ്കറിന് സംഭവിച്ചത് ഒഴിവാക്കാനായിരുന്നു എന്ന് കണക്കാക്കുന്നു. ഇ ഡിചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകിയിരുന്നു. ഹർജി പരിഗണിച്ചപ്പോൾ ശിവശങ്കർ ഇപ്പോൾ പ്രതിയല്ലെന്നും അറസ്റ്റുചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചത്. തുടർന്ന് ജാമ്യാപേക്ഷ തള്ളുകയും മിനിറ്റുകൾക്കുള്ളിൽ ഇ.ഡി. ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഇതാണ് മുൻകൂർ ജാമ്യാപേക്ഷ നൽകാതെ, ചോദ്യംചെയ്യുമ്പോൾ അഭിഭാഷകസാന്നിദ്ധ്യം ആവശ്യപ്പെട്ട് രവീന്ദ്രൻ കോടതിയെ സമീപിക്കാനുള്ള കാരണം. നോട്ടീസിൽ ഏതു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇ ഡി രേഖപ്പെടുത്തിയിട്ടില്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിർബന്ധിച്ച് മൊഴി പറയിക്കാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയും രവീന്ദ്രൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ദീർഘനേരം ചോദ്യംചെയ്യുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. എന്നാൽ, കോടതി കേസ് പരിഗണിക്കുമ്പോൾ ഹാജരാകാതിരിക്കുന്നത് തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് ഇന്ന് പൊടുന്നനെ രവീന്ദ്രൻ ഇ.ഡി ഓഫീസിലെത്തിയതെന്നാണ് വിലയിരുത്തൽ.

അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ തന്നെ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്ന് നിർദേശിക്കണമെന്നും അദ്ദേഹം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും അഭിഭാഷകന്റെ സാന്നിദ്ധ്യമൊന്നും കൂടാതെയാണ് രവീന്ദ്രൻ ഇന്ന് രാവിലെ ഇ.ഡി ഓഫീസിന് മുന്നിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രവീന്ദ്രന് ഹവാല ഇടപാടുകളിലോ കള്ളക്കടത്തിലോ ലൈഫ് കോഴയിലോ ഉള്ള ബന്ധങ്ങൾ മനസിലാക്കുന്നതിനൊപ്പം മന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിലെ കൂടുതൽ പേർക്ക് ഇടപാടുകളിൽ പങ്കുണ്ടോയെന്നും ഇ ഡി കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം രവീന്ദ്രനിൽ നിന്ന് ചോദിച്ചറിയുകയാണ് ഇ ഡിയുടെ ലക്ഷ്യം. ഇതിനായി മൊബൈൽ ഫോൺ കോൾ വിശദാംശങ്ങൾ, വാട്ട്സ് ആപ് ചാറ്റുകൾ, ബാങ്ക് ഇടപാടുകളെപ്പറ്റിയുളള വിവരങ്ങൾ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

വിദേശത്തേക്കുള്ള ഡോളർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഡോളർകടത്ത് കേസിൽ മാപ്പ് സാക്ഷികളായി പരിഗണിക്കപ്പെട്ട സരിത്തിന്റെയും സ്വപ്നസുരേഷിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. സ്വർണ്ണക്കള്ളക്കടത്ത്, ലൈഫ് കോഴ, ഡോളർ ഇടപാട് എന്നിവയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരൻ അറസ്റ്റിലാകുകയും ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയും ചെയ്യുന്നതിനിടെ ഇന്ന് രവീന്ദ്രനെയും ചോദ്യം ചെയ്യുന്ന സാഹചര്യം ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായും അനധികൃത ഇടപാടുകളുമായും ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശക്തമായിരിക്കെ രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് കരുതപ്പെടുന്നത്. റിവേഴ്സ് ഹവാല മോഡലിൽ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ കൂടുതൽ മന്ത്രിമാരും ഭരണഘടന ചുമതലയുള്ള ഉന്നതനും സംശയനിഴലിലായിരിക്കെയാണ് രവീന്ദ്രൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടേറേറ്റ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായിരിക്കുന്നത്.

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകിയിട്ടും കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യലിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ 10ന് വോട്ടെടുപ്പു ദിനത്തിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാകുകയും ഹാജരാകാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ നടുവേദനയുടെ പ്രശ്നം ഒഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തിരുന്നു.