chang-5

ബീജിംഗ്: ചന്ദ്രോപതലത്തിൽ നിന്ന് ശേഖരിച്ച ചാന്ദ്രപ്പാറകളടക്കമുള്ള സാമ്പിളുകളുമായി ചൈനയുടെ ചാങ് - ഇ 5 പേടകം തിരികെയെത്തി. പേടകം ഡിസംബർ 17ന് മംഗോളിയയിലെ സിസിവാങ് ജില്ലയിൽ ലാൻഡ് ചെയ്തെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓർബിറ്റർ മൊഡ്യൂളിൽ നിന്ന് വേർപെട്ട പേടകം ഭൂമിയുടെ ഉപരിതലത്തിലേയ്ക്ക് കടക്കുകയും തുടർന്ന് വേഗത കുറച്ച് ഒടുവിൽ പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിൽ ലാൻഡ് ചെയ്യുകയുമായിരുന്നു. ഉപരിതലം രണ്ട് മീറ്ററോളം കുഴിച്ചാണ് രണ്ട് കിലോയോളം സാമ്പിളുകൾ ശേഖരിച്ചത്. ഈ സാമ്പിളുകൾ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചാണ് പേടകം ഭൂമിയിലെത്തിയത്.

സിസിവാങ് പ്രദേശത്തു നിന്ന് സിഗ്നലുകൾ ലഭിച്ചതിന് പിന്നാലെ ഹെലികോപ്റ്ററുകളിലും ഓഫ് റോഡ് വാഹനങ്ങളിലുമായി ശാസ്ത്രജ്ഞർ സ്ഥലത്തെത്തുകയായിരുന്നു. ഈ ഒറ്റപ്പെട്ട പ്രദേശം മുൻപ് ചൈനയുടെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകങ്ങളുടെ ലാൻഡിംഗ് കേന്ദ്രമായിരുന്നു.

ചൊവ്വ ഉൾപ്പെടെയുള്ള ഗ്രഹങ്ങളിലെത്തി പരീക്ഷണങ്ങൾ നടത്താനുള്ള ചൈനയുടെ വൻ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ചാന്ദ്രപര്യവേഷണം. ചൊവ്വയെ വലംവയ്ക്കുന്ന സ്ഥിരം സ്പേസ് സ്റ്റേഷനും ഒരു ഓർബിറ്ററും അടക്കമുള്ളവയാണ് ചൈനയുടെ പണിപ്പുരയിലുള്ളത്. റോബോട്ടിക് സ്വഭാവമുള്ള ഓർബിറ്ററിന് മനുഷ്യരെ ചൊവ്വയിൽ ഇറക്കാതെ തന്നെ പരീക്ഷണങ്ങൾ നടത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

 കൊടുങ്കാറ്റിന്റെ കടൽ അഥവാ ഓഷ്യാനസ് പ്രോസില്ലാറം

ചന്ദ്രനിലെ കൊടുങ്കാറ്റിന്റെ കടൽ എന്നറിയപ്പെടുന്ന ഓഷ്യാനസ് പ്രോസില്ലാറം എന്ന പ്രദേശത്തു നിന്നാണ് പേടകം സാമ്പിളുകൾശേഖരിച്ചത്. ഈ പ്രദേശത്ത് പുരാതന കാലത്ത് നിരവധി അഗ്നിപർവത സ്ഫോടനങ്ങൾ നടന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

 ഇത് പുതുചരിത്രം

1970നു ശേഷം ആദ്യമായാണ് ഭൂമിയിൽ നിന്നൊരു പര്യവേക്ഷണവാഹനം ചന്ദ്രനിലിറങ്ങി വസ്തുക്കൾ ശേഖരിക്കുന്നത്. അമേരിക്കയ്ക്കും യു.എസ്.എസ്.ആറിനും ശേഷം ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ചൈന. സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ചാങ് - ഇ5 ചന്ദ്രോപരിതലത്തിൽ ചൈനീസ് പതാകയും സ്ഥാപിച്ചിരുന്നു. ഇതോടെ യു.എസിനു പുറമേ ചന്ദ്രനിൽ കൊടി നാട്ടിയ രാജ്യമായി ചൈന മാറി.