
കർണാടക സ്വദേശികളായ സെവെൻരാജും ഭാര്യ പുഷ്പയും വെള്ളയും ചുവപ്പും നിറമുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളു. മക്കളും മാതാപിതാക്കളുടെ ഡ്രസ് കോഡ് തന്നെയാണ് പിന്തുടരുന്നത്.
ലോകത്തിലെ സമാനതയില്ലാത്ത വ്യക്തിയായി മാറുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നു സെവെൻരാജ് പറയുന്നു. മരണം വരെ വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കൂയെന്ന് സെവെൻരാജ് പ്രതിജ്ഞ ചെയ്യുന്നത് 18ാം വയസിലാണ്. ഇത് പിന്നീട് മറ്റു വസ്തുക്കളിലേക്കും വളർന്നു. 58 കാരനായ സെവെൻരാജിന്റെ കാറിന്റെ നിറവും വെള്ളയും ചുവപ്പുമാണ്. വീട്ടിലെ കസേരകൾക്കും മേശകൾക്കും വീട്ടുപകരണങ്ങൾക്ക പാത്രങ്ങൾക്കുമെല്ലാം ഈ നിറമാണ്. യൂറോപ്യൻ ക്ളോസറ്റിന്റെ സീറ്റു വരെ ഇതേ നിറങ്ങളിലാണ്. പുഷ്പയും സെവെൻരാജും 25 വർഷങ്ങൾക്കു മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം പുഷ്പയും ഭർത്താവിന്റെ തീരുമാനത്തോട് യോജിക്കുകയായിരുന്നു.
മക്കളായ ഭരത് രാജും മനീഷയും ഇതേ നിലപാടിൽ ഉറച്ചുനിന്നു.തങ്ങളുടെ വസ്ത്രങ്ങൾ കണ്ട് നിരവധി പേർ പരിഹസിക്കാറുണ്ടെന്നും എന്നാലും തന്റെ നിലപാടിൽ നിന്നും ലവലേശം വ്യതിചലിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് സെവൻരാജ്. ചുവപ്പും വെള്ളയും നിറത്തിലുള്ള 30 ടൈകളും 15 കോട്ടുകളും 30 ഷർട്ടുകളും 25 പാന്റ്സുകളുമാണ് ഇപ്പോൾ സെവൻരാജിനുള്ളത്. ഓരോ ദിവസവും പുതിയ വസ്ത്രങ്ങളാണ് താൻ ധരിക്കുന്നതെങ്കിലും ആളുകൾ കരുതുന്നത് താൻ ഒരു വസ്ത്രം തന്നെയാണ് ദിവസവും ധരിക്കുന്നതെന്നാണെന്ന് സെവെൻരാജ് പറയുന്നു.