abduction

ലാഗോസ്​: നൈജീരിയയിലെ സ്​കൂളിൽ നിന്ന് ബോകോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ 330 കുട്ടികളിൽ 17 പേരെ മോചിപ്പിച്ചു. ബാക്കിയുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന്​ കട്സിന സംസ്ഥാന ഗവർണർ അറിയിച്ചു. അതേസമയം, മോചന ശ്രമത്തിനിടെ രണ്ടു കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ടുണ്ട്.

തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അയൽ പ്രവിശ്യയിലെ സാംഫാര വനത്തിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നടപടിക്കിടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റതായും രക്ഷാപ്രവർത്തനങ്ങൾക്കായി അധിക സുരക്ഷാസേനയെ പ്രദേശത്തേക്ക് അയക്കുമെന്നും കട്സിന സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോയത്​. ബാക്കി കുട്ടികളെ കണ്ടെത്തുന്നതിനായി ഊർജിത ശ്രമം ആരംഭിച്ചതായി നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വക്താവ്​ ഗർബ ഷെഹു അറിയിച്ചു. പെൺകുട്ടികളാണ്​ ഇവരുടെ പിടിയിലായവരിൽ അധികവും.​

മുഹമ്മദ്‌ ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിൽ വെള്ളിയാഴ്‌ച രാത്രി 9.40ഓടെയായിരുന്നു സംഭവം. മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികൾ ഭീകരത സൃഷ്​ടിച്ച്​ കുട്ടികളെ വാഹനത്തിൽ കടത്തികൊണ്ടു പോവുകയായിരുന്നു.

അക്രമികളും പൊലീസുമായി അരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. മേഖലയിൽ ആക്രമണം പതിവാണ്‌. കഴിഞ്ഞ മാസം നിരവധി കർഷകരെയാണ്‌ ബൊക്കോഹറാം ഭീകരർ കൊലപ്പെടുത്തിയത്. 2018ൽ ബൊക്കോഹറാം ഡാപച്ചിയിൽ നൂറിലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നു.