
മലയാള സിനിമാ പ്രേമികൾക്ക് എന്നും നീറുന്ന നോവാണ് കിരീടത്തിലെ സേതുമാധവൻ. കൺമുന്നിൽ സ്വപ്‌നം കണ്ട ജീവിതം നഷ്‌ടമാകുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കുന്ന സേതുമാധവൻ എന്ന കഥാപാത്രം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി എന്നേമാറിക്കഴിഞ്ഞു. ഇപ്പോഴിതാ കിരീടത്തിലെ ഒരു ഷൂട്ടിംഗ് അനുഭവം പങ്കുവയ‌്ക്കുകയാണ് നടൻ കുണ്ടറ ജോണി. മോഹൻലാലുമൊത്തുള്ള സംഘട്ടനരംഗത്തിലെ അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്.
കുണ്ടറ ജോണിയുടെ വാക്കുകൾ-
'തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്താണ് ഞാനും ലാലുമായിട്ടുള്ള സ്റ്റണ്ട് സീൻ എടുത്തത്. ഇറച്ചിയുടെയും മറ്റുമൊക്കെ വേസ്‌റ്റ് കൊണ്ടിടുന്ന സ്ഥലമായിരുന്നു അത്. വള്ളി പടർന്നുകിടന്നിരുന്ന സ്ഥലത്തിനിടയിലായിരുന്നു വേസ്‌റ്റ് തട്ടിയിരുന്നത്. അക്കാര്യം ഞങ്ങൾ അറിഞ്ഞതുമില്ല. രാവിലെ ഷൂട്ടിന് എത്തിയപ്പോൾ തന്നെ സ്മെൽ അടിച്ചിരുന്നു. ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞ് ഞാനും ലാലും വീണിടത്തെ മണ്ണിളകി. അപ്പോഴാണ് അവിടെ നിന്നും പുഴു പുറത്തുവരുന്നത് കാണുന്നത്.
എന്തുചെയ്യണമെന്ന് സംവിധായകൻ സിബി മലയിൽ ഞങ്ങളോട് ചോദിച്ചു. നമുക്ക് ചെയ‌്തുകൂടെ ജോണി എന്നായിരുന്നു ലാലിന്റെ ചോദ്യം. നിങ്ങൾ ചെയ്യുന്നെങ്കിൽ റെഡിയാണെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഷൂട്ട് പൂർത്തിയാക്കി. ഏകദേശം മൂന്ന് മണിവരെ ബ്രേക്ക് ഒന്നും എടുക്കാതെയാണ് ആ ഫൈറ്റ് ഞങ്ങൾ പൂർത്തിയാക്കിയത്.
ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോൾ മോഹൻലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു. പിന്നീട് ഡെറ്റോളിൽ കുളിക്കുകയായിരുന്നുവെന്നും ജോണി ഓർക്കുന്നു'.