
'പിന്നെ ജോൺ എന്റെ പതിവ് സന്ദർശകനായി. മദ്യപിക്കുമെന്നല്ലാതെ യാതൊരു പ്രശ്നവുമില്ല. ഞാൻ അടുത്തിടപഴകിയപോലെ മറ്റാരും ജോണുമായി അത്രയും അടുത്തിട്ടുണ്ടെന്ന് കരുതുന്നില്ല. നല്ല മനുഷ്യനായിരുന്നു ജോൺ. അന്നേ നമ്മൾക്കൊരു സിനിമയെടുക്കാമെന്ന് ജോൺ പറയുമായിരുന്നു." ജോണിന്റെ വിഖ്യാതമായ ചിത്രംഅഗ്രഹാരത്തിൽ കഴുതൈയുടെ നിർമ്മാതാവ് ചാർളി ജോൺ പുത്തൂരാൻ പറയുന്നു.
മദ്രാസിൽ സതേൺ ഫിലിം ചേംബർ ആക്ടിംഗ് സ്കൂളിന്റെ ചുമതലയുള്ള പ്രഭാകരൻ രണ്ട് യുവനടൻമാരെ ക്ളാസ് റൂമിൽ നിന്ന് വിളിച്ചിറക്കി. ഒരാളുടെ പേര് ജോസ്. രണ്ടാമന്റെ പേര് ശിവാജി റാവു ഗേയ്ക്ക് വാദ് (പിൽക്കാലത്ത് രജനീകാന്ത് ). സംവിധായകൻ ജോൺ എബ്രഹാമിനോട് ഇവരിൽ ആരെയെങ്കിലും പറ്റുമോയെന്ന് നോക്കാൻ പ്രഭാകരൻ പറഞ്ഞു.
'അഗ്രഹാരത്തിൽ കഴുതൈ" എന്ന തന്റെ ചിത്രത്തിലേക്ക് നടനെ തേടിയെത്തിയതായിരുന്നു ജോൺ. ഇരുവരോടും ജോൺ ഒന്നുരണ്ട് കാര്യങ്ങൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അന്ന് ജോസിനെ കാണാൻ പിന്നെയും മേനിയുണ്ടായിരുന്നു. രജനീകാന്തിനോട് ജോണിന് ഒട്ടും ഇഷ്ടം തോന്നിയില്ല. എന്നോടും അഭിപ്രായം ചോദിച്ചു. ആകർഷിക്കുന്ന ഒരു പരിവേഷം അന്ന് രജനീകാന്തിനില്ലായിരുന്നു. എനിക്കും താത്പര്യം തോന്നിയില്ല. അങ്ങനെ രജനീകാന്തിനെയും ജോസിനെയും ജോൺ എബ്രഹാം വേണ്ടെന്നു പറഞ്ഞു. ജോസ് പിൽക്കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയനായ നടനായി. രജനീകാന്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ." - ചാർളി ജോൺ പുത്തൂരാൻ സംസാരിക്കുകയായിരുന്നു.
നിർമാതാവ്
തിരുവനന്തപുരത്തുണ്ട്
ജോൺ എബ്രഹാമിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം 'അഗ്രഹാരത്തിൽ കഴുതൈ" യുടെ നിർമാതാവാണ് ചാർളിജോൺ. 1977 ൽ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് ജോൺ സ്വീകരിച്ചപ്പോൾ നിർമ്മാതാവ് എന്ന നിലയിൽ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഢിയിൽ നിന്ന് ചാർളിയും അവാർഡ് ഏറ്റുവാങ്ങി. ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. 'അഗ്രഹാരത്തിൽ കഴുതൈ" നിർമ്മിച്ച് നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോൾ ആ കഥ തിരുവനന്തപുരത്ത് പി.എം.ജി. ലൂർദ്ദ് പള്ളിക്കു സമീപമുള്ള വസതിയിലിരുന്ന് ചാർളി ജോൺ 'കേരളകൗമുദി"യോട് പറഞ്ഞു.
ജോണിനെ കണ്ടുമുട്ടിയത്
1960 കളുടെ ഒടുവിൽ ഞാൻ ബിസിനസ് ആവശ്യവുമായി പൂനെയിലായിരുന്നു താമസം. അന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന പ്രേംസാഗർ എന്നയാളിന്റെ ഡിപ്ളോമാ ഫിലിം ഷൂട്ട് ചെയ്തത് അവിടെ ഞങ്ങളുടെ വീട്ടിലായിരുന്നു. രഹ് നാ സുൽത്താനും നവീൻ നിശ്ചലുമായിരുന്നു അഭിനേതാക്കൾ. രാമാനന്ദസാഗറിന്റെ മകനാണ് പ്രേംസാഗർ. മലയാളിയുടെ വീട്ടിലാണ് ഷൂട്ടിംഗ് എന്നതിനാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ജോണിനെയും അവർ കൂടെ കൂട്ടി. അങ്ങനെയാണ് ജോൺ എബ്രഹാമുമായി അടുത്തത്. പിന്നെ ജോൺ എന്റെ പതിവ് സന്ദർശകനായി. മദ്യപിക്കുമെന്നല്ലാതെ യാതൊരു പ്രശ്നവുമില്ല. ഞാൻ അടുത്തിട പഴകിയപോലെ മറ്റാരും ജോണുമായി അത്രയും അടുത്തിട്ടുണ്ടെന്ന് കരുതുന്നില്ല. നല്ല മനുഷ്യനായിരുന്നു ജോൺ. അന്നേ നമ്മൾക്കൊരു സിനിമയെടുക്കാമെന്ന് ജോൺ പറയുമായിരുന്നു.
പൂനെയിൽ നിന്ന് അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഞാൻ തിരുവനന്തപുരത്തേക്ക് വന്നു. 1974 ലാണ് ഒരു ദിവസം ജോൺ എന്നെ അന്വേഷിച്ച് ഇവിടെ വീട്ടിൽ വന്നു.കൂടെ വെങ്കിട്ട് സ്വാമിനാഥൻ എന്നൊരാളുമുണ്ടായിരുന്നു.സിനിമയെടുക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് ജോണിന്റെ വരവ്. വെങ്കിട്ടുമായി ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സിനിമയുടെ പേര് 'അഗ്രഹാരത്തിൽ കഴുതൈ". തമിഴിലാണ് ചിത്രം. പേരു കേട്ടപ്പോൾ വേറെ പേരിട്ടുകൂടെയെന്ന് ഞാൻ ചോദിച്ചു. പക്ഷേ മറ്റൊരു പേരും അതിന് ചേരില്ലെന്നായിരുന്നു ജോണിന്റെ മറുപടി. നിർമ്മാണ പങ്കാളിയാകാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഫിലിം ഫൈനാൻസ് കോർപ്പറേഷനിൽ (എഫ്. എഫ്.സി) നിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. ഞാൻ അമ്പതിനായിരം രൂപ മുടക്കിയാൽ മതി. ജോണായതിനാൽ ഞാൻ സമ്മതിച്ചു. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ് നിശ്ചയിച്ചത്. മുഖ്യ കഥാപാത്രം ഒരു പ്രൊഫസറായിരുന്നു. ആ വേഷത്തിലേക്ക് സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസനെ നിശ്ചയിച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു സഹ കഥാപാത്രത്തെ വേണമായിരുന്നു, അങ്ങനെയാണ് പൂനെയിൽ ജോണിന്റെ കൂടെ പഠിച്ച പ്രഭാകരന്റെ ആക്ടിംഗ് സ്കൂളിലെത്തിയത്. രജനിയെയും ജോസിനെയും തള്ളി ആ വേഷത്തിൽ രാജൻ എന്നൊരാളെ നിശ്ചയിച്ചു. എഫ്. എഫ്.സിയിൽ നിന്ന് വിചാരിച്ചതുപോലെ വായ്പ കിട്ടിയില്ല. പത്ത് ദിവസം ഷൂട്ട് ചെയ്ത് അത് എഫ്.എഫ്.സിയുടെ ബോംബൈ ഓഫീസിൽ കൊണ്ടുപോയി കാണിച്ചെങ്കിലും ആ വർഷം ഇനി ഫൈനാൻസ് ചെയ്യുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവിൽ മുഴുവൻ ചെലവും ഞാൻ വഹിക്കാമെന്നേറ്റു. സിനിമ പൂർത്തിയായപ്പോൾ മൂന്നര ലക്ഷം രൂപയായി.
ചിത്രത്തിൽ അഭിനയിക്കാൻ ഒരു കഴുതയെ വേണമായിരുന്നു.ഒരു കഴുതയുടെ തലയും. ഡോബിഘട്ടിൽ പോയി അന്വേഷിച്ചപ്പോൾ ഒരു മാസം മുമ്പ് കുഴിച്ചിട്ട കഴുതയുടെ തലയെടുക്കാമെന്നായി. അത് സിനിമയിൽ ഉപയോഗിച്ചു. ചെറിയൊരു കഴുതക്കുട്ടിയെ വാങ്ങുകയും ചെയ്തു. 'അഗ്രഹാരത്തിൽ കഴുതൈ" എന്ന സിനിമയ്ക്കെതിരെ ബ്രാഹ്മണ സംഘം തമിഴ് നാട്ടിൽ വൻ പ്രതിഷേധം നടത്തി. അതിന്റെ ഭാഗമായി അവിടെ ചിത്രം നിരോധിച്ചു. എന്നാൽ ആ സിനിമയിലൂടെ ആദ്യത്തെ ദേശീയ അവാർഡ് തമിഴകത്തെത്തിയത് വേറൊരു കാര്യം.കേരളത്തിൽ റിലീസ് ചെയ്യാൻ ശ്രമിച്ചു. അച്ചാണി രവിയും ജനശക്തി ഫിലിംസ് ജയപാലമേനോനുമൊക്കെ നോക്കി. എന്നാൽ അനവധി അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യൻ പനോരമയിലും പ്രദർശിപ്പിച്ചു. നിർമ്മിതി ഫിലിംസ് എന്നൊരു ബാനറിലാണ് 'അഗ്രഹാരത്തിൽ കഴുതൈ" നിർമ്മിച്ചത്.

ദൂരദർശനിൽ കാണിക്കാൻ തയ്യാറായെങ്കിലും തമിഴ്നാട്ടിലെ നിരോധനം മൂലം അത് നടന്നില്ല.രണ്ട് വർഷം മുമ്പ് ചിത്രം ലോക് സഭാ ടി.വിയിൽ കാണിച്ചു. എനിക്ക് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായില്ല. തുടർന്ന് ഹെൻറിയെന്ന സുഹൃത്തുമായി ചേർന്ന് അപ്സരാ ഫിലിംസ് എന്നൊരു വിതരണ കമ്പനി രജിസ്റ്റർ ചെയ്തു. യവനിക എന്ന കെ.ജി. ജോർജ് സിനിമയിൽ നിർമ്മാണ പങ്കാളിയായി. വിതരണം ചെയ്തു.പിന്നീട് ജോഷിയുടെ 'പോസ്റ്റുമോർട്ടം", ലെനിൻ രാജേന്ദ്രന്റെ 'ചില്ല് ", എം.ടിയുടെ 'കൊച്ചുതെമ്മാടി" തുടങ്ങി കുറെ ചിത്രങ്ങൾ വിതരണത്തിനെടുത്തു. നോ പ്രോഫിറ്റ് നോ ലോസിലെത്തിയപ്പോൾ ഞാൻ പിൻമാറി.
സൗഹൃദം തുടർന്നു
ജോണുമായുള്ള സൗഹൃദം അദ്ദേഹം മരിക്കുന്നതുവരെ തുടർന്നു. എന്റെ വീട്ടിലും ജോണിന് വലിയ സ്വാതന്ത്ര്യമായിരുന്നു. എന്റെ ഭാര്യയോട് ഇഷ്ടഭക്ഷണങ്ങൾ ഉണ്ടാക്കി നൽകാൻ പറയുമായിരുന്നു. ഒരിക്കൽ രാത്രി ജോൺ വന്നപ്പോൾ ഞങ്ങളില്ലായിരുന്നു. ഭാര്യയുടെ അച്ഛനും അമ്മയുമാണ് ഉണ്ടായിരുന്നത്. ഗേറ്റ് പൂട്ടിയതിനാൽ ജോൺ മതിലുചാടാൻ നോക്കി. പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ പിടികൂടി. പിന്നെ ഞാൻ വന്നാണ് കൂട്ടിക്കൊണ്ടുവന്നത്.
ഉൾക്കടൽ
കെ.ജി. ജോർജിന്റെ 'ഉൾക്കടൽ" എന്ന സിനിമയുടെ ചിത്രീകരണം ഈ വീട്ടിലാണ് നടന്നത്. റീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശോഭയുടെ വീടായിരുന്നു. 'ശരദിന്ദു". എന്ന ഗാനത്തിന്റെ ചിത്രീകരണവും ഈ വീട്ടിലായിരുന്നു. ജോർജ് ഓണക്കൂറും ഞാനും നാട്ടുകാരായിരുന്നു. അങ്ങനെയാണ് വീട് ഷൂട്ടിംഗിന് നൽകിയത്. ഇരുപത് വർഷം മുമ്പ് വീട് റെനവേറ്റ് ചെയ്തു. ഇപ്പോൾ ടിവിയിൽ ശരദിന്ദു കാണുമ്പോഴാണ് പഴയവീട് കാണാനാവുന്നത്. ചാർളിജോൺ പുത്തൂരാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.