
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്ത്തിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ.
മദ്ധ്യപ്രദേശിനെ ഇൻഡോറിൽ കർഷക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളിത് ആരോടും പറയരുത്. ഞാൻ ഇക്കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഒരു വേദിയിൽ പൊതുജനമദ്ധ്യത്തിൽ ആദ്യമായാണ് ഇക്കാര്യം പറയുന്നത്. കമൽനാഥ് സർക്കാരിനെ വീഴ്ത്താനായി ആരെങ്കിലും കളിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്രമോദി മാത്രമാണ്. ധർമ്മേന്ദ്ര പ്രധാൻ അല്ല'.-വിജയവർഗിയ പറഞ്ഞു.
ബി.ജെ.പിയുടെ കേന്ദ്രനേതാക്കളാണ് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കരുക്കൾ നീക്കിയതെന്ന് ജൂണിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ 22 എം.എൽ.എമാരെയും കൂട്ടി ബി.ജെ.പി പാളയത്തിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്.
കോൺഗ്രസ് ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നതിന് സമാനമായിരുന്നു വിജയവർഗിയയുടെ പരാമർശം. കോൺഗ്രസിന്റെ ആരോപണത്തിനുള്ള തെളിവായിക്കണ്ട് കൈലാഷ് വിജയവർഗിയയുടെ പരാമർശമടങ്ങിയ വീഡിയോ കോൺഗ്രസ് വക്താവ് ട്വീറ്റ് ചെയ്തു.
ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ഭരണഘടനാവിരുദ്ധമായി താഴെ ഇറക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നത് വ്യക്തമായെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലുജ ട്വീറ്റ് ചെയ്തു.
"ആദ്യം മുതൽ കോൺഗ്രസ് ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കമൽനാഥ് സർക്കാരിന്റെ പതനത്തിന് കോൺഗ്രസിലെ ഉൾപ്പോരുകളാണ് ഇത്രനാളും ബി.ജെ.പി ആരോപിച്ചത്. എന്നാൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സത്യം വെളിപ്പെടുത്തിയിരിക്കയാണ്." - സലുജ പറഞ്ഞു.