suvendu-adhikari

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ബംഗാൾ പിടിച്ചെടുക്കാൻ തന്ത്രങ്ങളുമായി ബിജെപി. മുന്‍ മന്ത്രി സുവേന്ദു അധികാരി എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും രാജിവെച്ചു. ബിജെപിയില്‍ ചേരുമെന്നാണു വിവരം. ബംഗാളില്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി മാറുന്നു എന്നതാണ് വ്യക്തമാകുന്നത്. കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടി വിടുമെന്നാണ് സൂചന.

അമിത് ഷായെ ഇന്ന് തന്നെ അധികാരി കാണും. ഷാ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ ആഴ്ച അവസാനം കേന്ദ്രമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്. അപ്പോള്‍ പാര്‍ട്ടി പ്രവേശനമുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു. മാല്‍ഡ, മുര്‍ഷിദാബാദ്, പുരുലിയ, ബങ്കുര, വെസ്റ്റ് മിഡ്നാപൂര്‍ എന്നീ മേഖലകളില്‍ വന്‍ സ്വാധീനമാണ് സുവേന്ദു അധികാരിക്കുള്ളത്.

50 സീറ്റുകളില്‍ കൂടുതല്‍ തൃണമൂലിന് ഇതുകൊണ്ട് നഷ്ടമുണ്ടാകും. സുവേന്ദുവിന്റെ രാജി തൃണമൂലിനെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. മാല്‍ഡ ജില്ലയില്‍ നിന്ന് അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു. നേതാക്കള്‍ സുവേന്ദു രാജിവെച്ചതിന് പിന്നാലെ ബിജെപിയിലേക്ക് വരുന്നത് തൃണമൂലിനുള്ള സന്ദേശമാണ്. സുവേന്ദുവിന്റെ കോട്ടയായ മാല്‍ഡയിലാണ് ഈ നേതാക്കള്‍ രാജിവെച്ചതെന്നും തൃണമൂലിനെ ഞെട്ടിക്കുന്നു.