
വാഷിംഗ്ടൺ: ക്രിസ്മസ് കാലം സ്വയം സന്തോഷിക്കാൻ മാത്രമുള്ളതല്ല, മറ്റുള്ളവർക്ക് സന്തോഷം പകരാൻ കൂടിയുള്ളതാണ്. അമേരിക്കയിലെ മിസിസിപ്പിയിലെ മാഡിസൺ എന്ന ചെറു പട്ടണത്തിൽ താമസിക്കുന്ന നഷാൻഡ്ര ജയിംസ് സന്തോഷം പകർന്നത് ഓൺലൈനിൽ ഓർഡർ ചെയ്യുന്ന വസ്തുക്കൾ ഡെലിവർ ചെയ്യുന്ന തൊഴിലാളികൾക്കാണ്. ഡെലിവറി തൊഴിലാളികൾക്ക് സർപ്രൈസ് നൽകുന്നതിനായി
ചിപ്‌സ്, ചോക്ലേറ്റ്, ജ്യൂസ്, വെള്ളം, ബിസ്കറ്റ് എന്നിങ്ങനെ കുറച്ച് ലഘു ഭക്ഷണങ്ങൾ വീടിന് മുന്നിൽ ഒരു കുട്ടയിൽ വച്ചു. ഒപ്പം ഒരു കുറിപ്പും, “ഞങ്ങളുടെ അവധിക്കാല ഷോപ്പിംഗ് എളുപ്പമാക്കിയതിന് നന്ദി! യാത്ര ചെയ്യുമ്പോൾ ഉന്മേഷം ഉണ്ടാകാൻ കുട്ടയിൽ നിന്നും ആവശ്യമുള്ളത് എടുക്കുക. ഹാപ്പി ഹോളിഡേ!”.
കുറച്ച് കഴിഞ്ഞ്, മിമി ഷാൻഡർ എന്ന യു.പി.എസ് ഡെലിവറി തൊഴിലാളിയായ സ്ത്രീ സാധനങ്ങളുമായി വീടിന് മുന്നിലെത്തി.
കുട്ടയിൽ ഒരുക്കിയ സമ്മാനം കാണുമ്പോൾ തന്നെ സന്തോഷം കൊണ്ട് ആർപ്പു വിളിയ്ക്കുന്നുണ്ട് മിമി.
ഒരു സ്നാക്ക് എടുത്ത ശേഷം അവർ വീടിന് മുന്നിലെ ക്യാമറയിലേക്ക് നോക്കുന്നു. തനിക്കായി ഒരുക്കിയ സമ്മാനത്തിന് വീട്ടുകാരോട് നന്ദി പറയുന്നു.പിന്നീട്, കോളിംഗ് ബെൽ അമർത്തി സാധനങ്ങൾ എത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിന് ശേഷം മിമി തിരികെ ഡെലിവറി ട്രക്കിനടുത്തേക്ക് നടക്കുന്നു. പോകുന്ന വഴിയ്ക്ക് മിമി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നുണ്ട്.
നഷാൻഡ്രയുടെ ഭർത്താവ് സ്റ്റീവൻ ജെയിംസ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.