kylie-jenner

വാഷിംഗ്ടൺ: 2020ൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റിയായി കെയ്ലി ജന്നർ. ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരമാണിത്. ലോക പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരവും സൂപ്പർ മോഡലും ബിസിനസുകാരിയുമാണ് കെയ്ലി.

കെയ്‌ലിയുടെ ഈ വർഷത്തെ മാത്രം വരുമാനം 590 മില്യൺ ഡോളറാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണ്ടെത്തൽ. തന്റെ ബ്യൂട്ടി ബ്രാൻഡിന്റെ ഭൂരിഭാഗം ഓഹരിയും ഇരുപത്തി മൂന്നുകാരിയായ കെയ്‌ലി അമേരിക്കയിലെ പ്രമുഖ ബ്യൂട്ടി കമ്പനിയായ കോട്ടി ഇങ്കിന് വിറ്റിരുന്നു.

കെയ്‌ലിയുടെ സഹോദരി കിം കർദാഷിയാന്റെ ഭർത്താവും അമേരിക്കൻ റാപ്പറും പ്രൊഡ്യൂസറുമായ കാന്യേ വെസ്റ്റാണ് പട്ടികയിൽ രണ്ടാമത്. 170 മില്യൺ ഡോളറാണ് ഈ വർഷം വരുമാനയിനത്തിൽ കാന്യേ നേടിയിരിക്കുന്നത്.

നടന്മാരായ ടെയ്‌ലർ പെറി, ഡ്വെയ്ൻ ജോൺസൺ, ടിവി താരവും കൊമേഡിയനുമായ ഹൊവാഡ് സ്റ്റേൺ, കായിക താരങ്ങളായ റോജർ ഫെഡറർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്മർ, ലിബ്രോൺ ജെയിംസ് തുടങ്ങിയവരും ആദ്യപത്തിൽ ഇടം നേടിയിട്ടുണ്ട്.