
മെൽബൺ : സീസണിലെ ആദ്യ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ ആസ്ട്രേലിയൻ ഓപ്പൺ കൊവിഡ് പശ്ചാത്തലത്തിൽ സാധാരണ സമയത്തുനിന്ന് ഒരു മാസത്തേക്ക് നീട്ടി. സാധാരണ ഗതിയിൽ ജനുവരിയിൽ നടക്കാറുള്ള ടൂർണമെന്റ് 2021 ഫെബ്രുവരി എട്ടിനാകും ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷം കൃത്യ സമയത്ത് നടന്ന ഏക ഗ്രാൻസ്ളാം ആസ്ട്രേലിയൻ ഓപ്പണാണ്.
ഇക്കുറി കളിക്കാർ മത്സരവേദിയായ മെൽബണിലെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമേ ടൂർണമെന്റ് ആരംഭിക്കുകയുള്ളൂ.ജനുവരി 18നാണ് ടൂർണമെന്റ് ആരംഭിക്കാനിരുന്നത്. കഴിഞ്ഞ ദിവസം ആസ്ട്രേലിയൻ ടെന്നിസ് ഭാരവാഹികൾ സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജനുവരി 15ന് കളിക്കാർ മെൽബണിലെത്തി ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനമായി. പുരുഷ വിഭാഗം മത്സരങ്ങളുടെ യോഗ്യതാ റൗണ്ട് ദോഹയിലായിരിക്കും നടത്തുക.