life-mission

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ സി.ബി.ഐ അന്വേഷണത്തിനുള‌ള സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി. തിങ്കളാഴ്‌ച കേസിൽ വീണ്ടും വാദം കേൾക്കും. കേസിൽ പ്രഥമദൃഷ്‌ട്യാ എഫ്.സി.ആർ.എ ലംഘനമുണ്ടെന്നും സീൽ ചെയ്‌ത കവറിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാമെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം ലൈഫ്‌മിഷനിൽ സിബിഐ എടുത്ത കേസ് റദ്ദാക്കണമെന്നും കേന്ദ്ര ഏജൻസികൾ പരിധി ലംഘിക്കുകയാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. മുൻപ് ഒക്‌ടോബർ മാസത്തിലാണ് രണ്ട് മാസത്തേക്ക് സിബിഐ അന്വേഷണത്തിന് സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ യുണിടാകിനെതിരായ അന്വേഷണം സിബിഐയ്‌ക്ക് മുന്നോട്ട് കൊണ്ടുപോകാമെന്ന് മുൻപ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സർക്കാരിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലാത്തതിനാലാണ് അന്ന് സ്‌റ്റേ അനുവദിച്ചത് എന്ന് സൂചനകളുണ്ടായിരുന്നു. യു.എ.ഇയിലെ റെഡ്‌ക്രസന്റും ലൈഫ് മിഷനുമായുള‌ള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരിയിൽ നിർമ്മിച്ച വീടുകൾ, ഹെൽത്ത് സെന്റർ എന്നിവ നിർമ്മിക്കുന്ന പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാണ് കേസിനാസ്‌പദമായ ആരോപണം. എന്നാൽ പദ്ധതിയിൽ സംസ്ഥാന സർക്കാരോ ഉദ്യോഗസ്ഥരോ വിദേശധനം കൈപ്പ‌റ്റിയിട്ടില്ലെന്നാണ് ലൈഫ്‌മിഷൻ സി.ഇ.ഒ മുൻപ് കോടതിയെ അറിയിച്ചത്. എന്നാൽ പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾ ചേർന്ന അധോലോക ഇടപാട് നടന്നെന്നായിരുന്നു സിബിഐ വാദം.