
ബെൽഗ്രേഡ് : സെർബിയയിൽ നടന്ന ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ നേടി ഇന്ത്യൻ വനിതാതാരം അൻഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് അൻഷു വെള്ളി നേടിയത്.
ഫൈനലിൽ മോൾഡോവയുടെ അനസ്താഷ്യ നിക്കിറ്റയോട് ഇന്ത്യൻ താരം 1-5ന് തോൽക്കുകയായിരുന്നു.
ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. 19 വയസ്സ് മാത്രം പ്രായമുള്ള താരം അട്ടിമറികളിലൂടെയാണ് ഫൈനലിലെത്തിയത്. ഫൈനലിൽ തന്നേക്കാളേറെ പരിചയസമ്പത്തുള്ള അനസ്താഷ്യയ്‌ക്കെതിരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചെങ്കിലും വിജയിക്കാനായില്ല. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വിജയിച്ചതിന്റെ കരുത്തിലാണ് അനസ്താഷ്യ ലോകകപ്പ് ഫൈനലിൽ ഇറങ്ങിയത്.