thief-

ഭോപ്പാൽ : ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയതായിരുന്നു കള്ളൻ. അതിവിദഗ്ദ്ധമായി പൂട്ട് പൊളിച്ച് മോഷണം നടത്തി. നല്ല തണുപ്പുള്ള രാത്രിയായതിനാൽ ഒന്ന് റെസ്റ്റെടുത്താൽ കൊള്ളാമെന്ന് കള്ളന് തോന്നി. പിന്നെ ഒന്നും നോക്കിയില്ല, ക്ഷേത്ര പരിസരത്ത് കണ്ട കട്ടിലിൽ കയറി സുഖമായി ഉറങ്ങി. രാവിലെ കണ്ണു തുറന്നപ്പോൾ മുന്നിൽ കണ്ടത് പൊലീസിനെ.!

മദ്ധ്യപ്രദേശിലെ ഷാജാപൂരിലാണ് രസകരമായ സംഭവം. ഇവിടുത്തെ ലാൽബായ് - ഫൂൽബായ് മാതാ ക്ഷേത്രത്തിലാണ് കള്ളൻ മോഷണത്തിനെത്തിയത്. കൊള്ള മുതലുമായി സ്ഥലം കാലിയാക്കാതെ അമ്പലത്തിൽ കിടന്ന് ഗാഢ നിദ്രയിലാണ്ട കള്ളനെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കണ്ടത്. കള്ളന്റെ അടുത്ത് മോഷ്ടിക്കപ്പെട്ട വസ്തുക്കളും കണ്ടു.

ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോഴും കള്ളൻ ഭയങ്കര ഉറക്കമായിരുന്നു. കള്ളനെ പൊലീസ് തട്ടിയുണർത്താൻ നോക്കിയെങ്കിലും ഉറക്കത്തിൽ കിടന്നുള്ള മറുപടി വിചിത്രമായിരുന്നു. ' എനിക്ക് ഇനിയും ഉറങ്ങണം, പുറത്ത് നല്ല തണുപ്പ് ' ! പിന്നെ പൊലീസ് ഒന്നും നോക്കിയില്ല. കള്ളനെ കൈയ്യോടെ പൊക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

സ്റ്റേഷിനിലെത്തി ചോദ്യം ചെയ്തെങ്കിലും പരസ്പര ബന്ധമില്ലാതെ സംസാരിച്ച കള്ളന് തന്റെ പേരോ വ്യക്തിത്വമോ വെളിപ്പെടുത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേ സമയം, കള്ളന്റെ പ്രവൃത്തി ക്ഷേത്രത്തിലെ ദേവത കാട്ടിയ അത്ഭുതമാണെന്നാണ് നാട്ടുകാർ പറയുന്നത്.