
കറാച്ചി : പാകിസ്ഥാൻ ടീം മാനേജ്മെന്റിൽ നിന്നും ചില മുൻ താരങ്ങളിൽ നിന്നുമുള്ള കടുത്ത മാനസിക സമ്മർദ്ദം അതിജീവിക്കാനാകാത്തതിനാൽ താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പാകിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ആമിർ. 2010ൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങി അഞ്ചുവർഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ആമിർ അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇതിനെത്തുടർന്നുയർന്ന വിമർശനങ്ങളാണ് വൈറ്റ്ബാൾ ഫോർമാറ്റും അവസാനിപ്പിക്കത്തക്ക രീതിയിൽ ആമിറിന്റെ മനസുമടുപ്പിച്ചതെന്ന് സൂചനയുണ്ട്.
ലങ്കൻ ട്വന്റി-20 ലീഗിൽ മികച്ച പ്രകടനം നടത്തി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് ആമിർ വിരമിക്കുന്നതിനെക്കുറിച്ച് അറിയിച്ചത്. ന്യൂസിലാൻഡിലേക്കുള്ള ട്വന്റി-20 പര്യടനത്തിനുള്ള പാക് ടീമിൽ ആമിറിന് ഇടം നൽകിയിരുന്നില്ല. ട്വന്റി-20,ഏകദിന ഫോർമാറ്റുകളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാനായാണ് ടെസ്റ്റിൽ നിന്ന് വിരമിച്ചത്. അതിനെതിരെ പാക് ബൗളിംഗ് കോച്ച് വഖാർ യൂനിസ് അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു. ഇതും താരത്തെ പ്രകോപിതനാക്കിയിട്ടുണ്ട്.