
കൊച്ചി: വിദൂരഭാഗങ്ങൾ, സമുദ്രാതിർത്തികൾ എന്നിവിടങ്ങളിൽ നിന്ന് ഡേറ്റാ കൈമാറ്റം സുഗമമാക്കാവുന്ന സാറ്റലൈറ്റ് അധിഷ്ഠിത നാരോബാൻഡ് ഇന്റർനെറ്റ് ഒഫ് തിംഗ്സുമായി (എൻ.ബി. - ഐ.ഒ.ടി) ബി.എസ്.എൻ.എൽ. സ്കൈലോടെക് ഇന്ത്യയുമായി ചേർന്നാണ് ഇതാവിഷ്കരിച്ചത്.
ആഴക്കടൽ മീൻപിടിത്തക്കാർ, കർഷകർ, നിർമ്മാണമേഖല, ഖനനം, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ എന്നിവർക്ക് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകും. വിദൂരഭാഗങ്ങളിലും സമുദ്രാതിർത്തികളിലും നിലവിൽ കണക്ഷനില്ലാത്ത മെഷീനുകൾ, സെൻസറുകൾ, വ്യാവസായിക ഐ.ഒ.ടി എന്നിവയുമായി ബന്ധപ്പെടാനും ഡേറ്റ കൈമാറ്റാനും ഇതുവഴി സാധിക്കും.
കാശ്മീർ മുതൽ കന്യാകുമാരി വരെ കവേറേജ് ലഭിക്കാത്ത 'ഇരുണ്ടപ്രദേശം" ഇതുവഴി ഇല്ലാതാകുമെന്ന് ബി.എസ്.എൻ.എൽ വ്യക്തമാക്കി. കാലങ്ങളായി ഓഫ്ലൈനിൽ പ്രവർത്തിച്ചിരുന്ന കൃഷി, റെയിൽവേ, ഫിഷറീസ് മേഖലകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ഒ.ടി എന്നിവ ഉപയോഗപ്പെടുത്താൻ പുതിയ സംവിധാനം സഹായകമാകും.