pfizer

വാഷിംഗ്ടൺ: ഫൈസർ കൊവിഡ് വാക്സിൻ സ്വീകരിച്ച അലാസ്കയിലെ ഹെൽത്ത് കെയർ വർക്കറിന് പത്തുമിനിട്ടിനുള്ളിൽ കടുത്ത അലർജി അനുഭവപ്പെട്ടതായി റിപ്പോർട്ട്. ബാർലറ്റ് റീജിയണൽ ഹോസ്പിറ്റലിലെ ഡോക്ടറാണ് വിവരം പുറത്ത് വിട്ടത്. ചൊവ്വാഴ്ചയായിരുന്നു ഇവർ വാക്സിൻ സ്വീകരിച്ചത്. 10 മിനിറ്റിനുള്ളിൽ ഇവർക്ക് കടുത്ത ശ്വാസമുട്ടലും ഉയർന്ന ഹൃദയ സമ്മർദവും അനുഭവപ്പെട്ടതായി ഡോക്ടർമാർ പറയുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഇവർക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ബ്രിട്ടനിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഈ അലർജി അനാഫൈലക്സിസ് (ANAPHYLAXIS) എന്നാണ് അറിയപ്പെടുന്നത്. വാക്സിൻ നൽകുമ്പോൾ ഇത്തരത്തിലുള്ള അലർജി ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടതിനാൽ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അലാസ്ക ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ആൻ സിങ്ക് പറഞ്ഞു. അനാഫൈലക്സിസുള്ളവരും ഭക്ഷണത്തിനോടോ മരുന്നിനോടോ അലർജികളുള്ളവരും ഫൈസർ വാക്സിൻ സ്വീകരിക്കരുതെന്ന് ബ്രിട്ടീഷ് മെഡിക്കൽ റെഗുലേറ്റർ പറഞ്ഞിരുന്നു. എന്നാൽ, അലർജിയുള്ളവർക്കും വാക്സിൻ സ്വീകരിക്കാമെന്നും വാക്സിനുകളോ അതിലെ പദാർത്ഥങ്ങളോ സ്വീകരിക്കുമ്പോൾ കടുത്ത അലർജി അനുഭവപ്പെടുന്നവർ മാത്രം കുത്തിവയ്പ്പ് എടുക്കാതിരുന്നാൽ മതിയെന്നുമാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത്. വാക്‌സിനിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഘടകം അലർജിയുണ്ടാക്കുകയില്ലെന്ന് ഡോക്ടർമാരെ സമീപിച്ച് അലർജി പ്രശ്‌നങ്ങളുള്ളവർ ഉറപ്പുവരുത്തണമെന്നും എഫ്.ഡി.എ നിർദ്ദേശിച്ചു. അതേസമയം, അനാഫൈലിക്സ് അനുഭവപ്പെട്ടാൽ നിരീക്ഷണത്തിനും ചികിത്സയ്ക്കുമുള്ള സംവിധാനം വാക്സിൻ വിതരണം ചെയ്യുന്നയിടത്ത് വേണമെന്നും ആവശ്യമെങ്കിൽ വാക്സിന്റെ ലേബലിംഗ് ഭാഷ മാറ്റാൻ തയ്യാറാണെന്നും ഫൈസർ പ്രതികരിച്ചു