
മാഡ്രിഡ് : ലാ ലിഗ പോയിന്റ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന റയൽ സോസിഡാിനെ തോൽപ്പിച്ച് മുൻചാമ്പ്യന്മാരായ ബാഴ്സലോണ പട്ടികയിലെ എട്ടാം സ്ഥാനത്തുനിന്ന് അഞ്ചാമതേക്ക് കരകയറി.കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു മെസിയുടെയും കൂട്ടരുടെയും വിജയം.
27-ാം മിനിട്ടിൽ ഹൊസെ വിലെയ്നിലൂടെ സോസിഡാഡ് മുന്നിലെത്തിയിരുന്നു.എന്നാൽ നാലു മിനിട്ടിനകം ജോർഡി ആൽബയിലൂടെ ബാഴ്സ സമനില പിടിച്ചു. എതിാളിയുടെ കാലിൽത്തട്ടി തിരിഞ്ഞുവന്ന ഗ്രീസ്മാന്റെ ക്രോസാണ് ആൽബ ഗോളാക്കിയത്. 43-ാം മിനിട്ടിൽ ആൽബയുടെ ക്രോസിൽ നിന്ന് ഡി ജോംഗ് വിജയഗോളും നേടി. ഈ ഗോളിന് റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും വീഡിയോ പരിശോധിച്ച് തീരുമാനം മാറ്റി.
ഈ വിജയത്തോടെ ബാഴ്സയ്ക്ക് 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റായി. തോൽവിയോടെ സോസിഡാഡിനെ മാറ്റി 11കളികളിൽ നിന്ന് 26 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാമതെത്തി. 26 പോയിന്റുള്ള സോസിഡാണ് ഗോൾ ശരാശരിയിൽ രണ്ടാമതാണ്. 26 പോയിന്റ് തന്നെയുള്ള നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ് മൂന്നാമത്.