pfizer

റിയാദ്: സൗദിയിൽ ഇന്നലെ രാവിലെ മുതൽ ഫൈസറിന്റെ കൊവിഡ് വാക്സിന്റെ വിതരണം ആരംഭിച്ചു. ആദ്യമായി വാക്സിൻ സ്വീകരിച്ചവരിൽ ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽറബീയയുമുണ്ട്. പ്രതിസന്ധി കാലഘട്ടം അവസാനിക്കുന്നതിന്റെ തുടക്കമാണിന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തുള്ള മുഴുവൻ സ്വദേശികൾക്കും വിദേശികൾക്കും വാക്‌സിൻ സൗജന്യമായി നൽകും. എന്നാൽ, വാക്‌സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ 'സിഹ്വതീ' എന്ന ആപ്പ് വഴിയാണ് വാക്സിൻ സ്വീകരിക്കാനായി പേര് രജിസ്റ്റർ ചെയ്യേണ്ടത്. മൂന്നു ഘട്ടങ്ങളായാണ് വാക്സിൻ നൽകുക. 65 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്കും സ്വദേശികൾക്കുമാണ് വാക്സിൻ ആദ്യഘട്ടത്തിൽ നൽകുന്നത്. വിട്ടുമാറാത്ത അസുഖങ്ങൾ, അർബുദം, ഹൃദയ-വൃക്ക-ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയുള്ളവർക്കും ആദ്യഘട്ടത്തിൽ തന്നെ വാക്‌സിൻ നൽകും. അതോടൊപ്പം കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻഗണന നൽകും. 50 വയസിനു മുകളില്‍ പ്രായമുള്ള വിദേശികൾക്കും സ്വദേശികൾക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ, ശ്വാസകോശ രോഗങ്ങൾ, അർബുദം ബാധിച്ചവർ, സ്‌ട്രോക്ക് വന്നവർ എന്നിവരെയും രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. മൂന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ള എല്ലാ വിദേശികളെയും സ്വദേശികളെയും പരിഗണിക്കും.