youngest-donor

സൂററ്റ്: മരണശേഷം രണ്ടര വയസുകാരന്‍ ജാഷ് ഓസ പുതുജീവനേകിയത് അഞ്ചുപേര്‍ക്ക്. ഒന്നിലധികം അവയവങ്ങള്‍ ദാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ദാതാവായി മാറിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള രണ്ടര വയസുകാരന്‍. റഷ്യയില്‍ നിന്നും ഉക്രെയിനില്‍ നിന്നുമുള്ള നാല് വയസുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് ഓസ പുതുജീവന്‍ പകര്‍ന്ന് നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 9ന് അയല്‍വാസിയുടെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ രണ്ടര വയസുകാരന്‍ ജാഷ് ഓസയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയ്ക്ക് ഡിസംബര്‍ 14നാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. പിന്നാലെ തന്നെ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളായ സഞ്ജീവ് ഓസയും അര്‍ച്ചനയും സമ്മതിക്കുകയായിരുന്നു.

ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക, കണ്ണുകള്‍ എന്നിവ ദാനം ചെയ്യാനാണ് മാതാപിതാക്കള്‍ സമ്മതിച്ചതെന്ന് അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഡോണേറ്റ് ലൈഫ് സ്ഥാപകന്‍ നിലേഷ് മണ്ട്‌ലേവാല പറഞ്ഞു. കുട്ടിയുടെ ഹൃദയവും ശ്വാസകോശവും ആകാശമാര്‍ഗം 160 മിനിട്ടു കൊണ്ട് ചെന്നൈയിലേക്ക് എത്തിക്കുകയായിരുന്നു.

റഷ്യയില്‍ നിന്നുള്ള നാല് വയസുള്ള കുട്ടിക്ക് ഹൃദയം നല്‍കിയപ്പോള്‍ ശ്വാസകോശം ചെന്നൈയിലെ എം ജി എം ആശുപത്രിയില്‍ ഉക്രെയ്‌നില്‍ നിന്നുള്ള നാല് വയസുള്ള കുട്ടിയ്ക്കാണ് നല്‍കിയത്. 'മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ കുടുംബം തകര്‍ന്ന അവസ്ഥയിലായിരുന്നു. വിഷമകരമായ സാഹചര്യത്തിലും അവയവദാനത്തിന് അവര്‍ തീരുമാനിക്കുകയും ചെയ്തു,' മണ്ട്‌ലേവാല പറഞ്ഞു.


മകന്‍ ഒരുതവണ 'മമ്മി' എന്ന് വിളിച്ചതുകൊണ്ട് ജാഷ് സുഖംപ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്ന അമ്മ. 'വൈദ്യശാസ്ത്രപരമായി കുട്ടി മരിച്ചുവെന്ന് ഞങ്ങള്‍ അവരോട് വിശദീകരിച്ചു. കൂടുതല്‍ നേരം കാത്തിരുന്നാല്‍ അവന്റെ പ്രധാന അവയവങ്ങള്‍ ഉപയോഗപ്രദമാകില്ലെന്നും പറഞ്ഞു. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ജാഷിനെ കൂടുതല്‍ ആളുകളില്‍ ജീവനോടെ കാണണമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു,' മണ്ട്‌ലേവാല പറയുന്നു.

വൃക്ക റോഡ് മാര്‍ഗം അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് (ഐകെഡിആര്‍സി)യിലേക്കാണ് എത്തിച്ചത്. 265 കിലോമീറ്റര്‍ ദൂരം 180 മണിക്കൂറിനുള്ളിലാണ് ഈ സംഘം താണ്ടിയത്. ഒരു വൃക്ക സുരേന്ദ്രനഗറില്‍ നിന്നുള്ള 13 വയസുകാരിക്കും മറ്റൊന്ന് സൂറത്തില്‍ നിന്നുള്ള 17 വയസുള്ള പെണ്‍കുട്ടിക്കുമാണ് നല്‍കിയത്. ഭാവ്‌നഗറില്‍ നിന്നുള്ള രണ്ട് വയസുകാരിക്ക് കരളിനൊപ്പം ഒരു പുതിയ ജീവിതം ലഭിച്ചു.