
രണ്ടുവർഷത്തിനിടെ വിതരണവളർച്ച അഞ്ചിരട്ടിയോളം
കൊച്ചി: രാജ്യത്ത് ചെറുകിട വ്യക്തിഗത വായ്‌പകളുടെ (സ്മാൾ ടിക്കറ്റ് പേഴ്‌സണൽ ലോൺ) വിതരണത്തിൽ വൻ വളർച്ച. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) ഫിൻടെക് കമ്പനികളും വിതരണം ചെയ്യുന്ന ഈ ചെറു വായ്‌പകൾ 2017-18ൽ മൊത്തം വ്യക്തിഗത വായ്‌പകളുടെ 12.9 ശതമാനം മാത്രമായിരുന്നു. എന്നാൽ, ഈവർഷം മാർച്ചിൽ ഇവയുടെ വിഹിതം കുതിച്ചുകയറിയത് 60 ശതമാനത്തിലേക്കാണ്.
ഈ വർഷം മാർച്ചിന് ശേഷവും വ്യക്തിഗത വായ്‌പകൾ മികച്ച വളർച്ച കുറിച്ചിട്ടുണ്ട്. ഇവയിൽ പാതിയോളവും ചെറുകിട വ്യക്തിഗത വായ്‌പകളാണ്. വ്യക്തിഗത വായ്‌പകളിൽ 50,000 രൂപയ്ക്ക് താഴെയുള്ളവയെയാണ് സ്മാൾ ടിക്കറ്റ് പേഴ്‌സണൽ ലോണുകളായി കണക്കാക്കുന്നത്. 2019-20ൽ ഈ വിഭാഗം വായ്പകളുടെ മൂല്യത്തിലെ വളർച്ച 162 ശതമാനമാണ്.
ഇന്ത്യയിൽ ഫിൻടെക് കമ്പനികളും അവയുടെ മൊബൈൽ ആപ്പ് അധിഷ്‌ഠിത സേവനങ്ങളും വൻതോതിൽ ഉദയംകൊണ്ട വർഷമാണ് 2019-20. നടപ്പുവർഷം ആഗസ്‌റ്റിലെ കണക്കുപ്രകാരം സ്മാൾ ടിക്കറ്റ് പേഴ്‌സണൽ വായ്‌പകളുടെ മൊത്തം മൂല്യം 12,000 കോടി രൂപയാണ്. മൂല്യത്തിൽ 2019-20നേക്കാൾ 77 ശതമാനമാണ് വളർച്ച.
കുഞ്ഞൻ ലോണുകൾ
50,000 രൂപയ്ക്ക് താഴെയുള്ള വ്യക്തിഗത വായ്‌പകളാണ് സ്മാൾ ടിക്കറ്റ് പേഴ്‌സണൽ ലോണുകൾ
ഈയിനത്തിൽ വിതരണം ചെയ്‌ത വായ്‌പകളിൽ പാതിയും 5,000 രൂപയ്ക്ക് താഴെയുള്ളവ
എൻ.ബി.എഫ്.സികളും ഫിൻടെക് കമ്പനികളുമാണ് ഇത്തരം വായ്‌പ നൽകുന്നത്
ഈവർഷം ആഗ്സറ്റിലെ കണക്കുപ്രകാരം ഈ വായ്‌പകളുടെ മൂല്യം 12,000 കോടി രൂപ
ചെറുതല്ല വിഹിതം
(മൊത്തം വ്യക്തിഗത വായ്‌പകളിൽ ചെറുകിട വായ്പയുടെ വിഹിതം)
2017-18 : 13%
2018-19 : 29%
2019-20 : 60%
2020-21 : 49%