trinamool-congress

കൊല്‍ക്കത്ത:സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരി പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു. ടിഎംസി പശ്ചിം ബര്‍ദ്വാന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനവും അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്.

ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഒരു മണിക്കൂറിനുള്ളില്‍ കൊല്‍ക്കൊത്തയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം എന്റെ ഓഫിസ് തകര്‍ത്തു. ഇനിയും നില്‍ക്കാനാവില്ല. ഞാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണ്- ജിതേന്ദ്ര തിവാരി രാജിക്കത്തില്‍ സൂചിപ്പിച്ചു.അസന്‍സോള്‍ നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിന് കേന്ദ്രം നല്‍കിയ ഫണ്ട് നഗരവികസന വകുപ്പ് നല്‍കിയില്ലെന്നാണ് രാജിക്കു കാരണമായി ജിതേന്ദ്ര ചൂണ്ടിക്കാട്ടിയത്.

തന്റെ ജോലി ചെയ്യാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍ ആ പദവിയില്‍ തുടരുന്നതുകൊണ്ട് എന്തു ഫലമെന്ന് തിവാരി മാദ്ധ്യമപ്രവര്‍ത്തകരോട് രാജിയെക്കുറിച്ച് പ്രതികരിച്ചത്. തിവാരിയും നേരത്തെ രാജിവച്ച സുവേന്ദു അധികാരിയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ എംപി സുനില്‍ മണ്ഡലിന്റെ പനഗറിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.തൃണമൂലില്‍ നിന്ന് രാജിവെച്ചതിന് ശേഷം സുവേന്ദുവിന് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് പ്ലസ് സുരക്ഷ നല്‍കി.

അധികാരി താമസിയാതെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് തിവാരി സൂചിപ്പിച്ചിരുന്നു. ഈ ആഴ്ച തൃണമൂലില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് തിവാരി. നേരത്തെ സുവേന്ദു അധികാരി പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചിരുന്നു. രണ്ടു പേരുടെയും രാജിയോടെ ബംഗാള്‍ രാഷ്ട്രീയം കൂടുതല്‍ നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. അതെസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ വെച്ചുപൊറുപ്പിക്കേണ്ടെന്ന് മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഈസ്റ്റ് മിഡ്നാപുര്‍ ജില്ലാ അധ്യക്ഷന്‍ കനിഷ്‌ക പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.