
കൊച്ചി:എറണാകുളം കിഴക്കമ്പലത്ത് എൽ.ഡി.എഫ് യു.ഡി.എഫ് പ്രവർത്തകരുടെ ആക്രമണം മറികടന്ന് വോട്ട് രേഖപ്പെടുത്തിയ ദമ്പതികൾക്ക് അനുമോദനം അറിയിച്ച് ട്വന്റി20. കിഴക്കമ്പലത്തിന്റെ ധീരപുത്രന്‍മാരാണ് ദമ്പതികളെന്ന് പ്രതിഷേധം മറികടന്ന് വോട്ട് ചെയ്യാൻ കാണിച്ച ധെെര്യത്തെ അനുമോദിച്ച് കൊണ്ട് ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. ഒരു ലക്ഷം രൂപയും ദമ്പതികൾക്ക് നൽകി.
‘ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു. ഇവിടെ വയനാട്ടില്‍ നിന്ന് കിഴക്കമ്പലത്ത് വന്ന് താമസിക്കുന്നവര്‍ക്ക് വോട്ട് അവകാശം നിഷേധിച്ച രാഷ്ട്രീയക്കാരെ എന്താണ് പറയേണ്ടത്. ഇവര്‍ക്കെതിരെ പോരാടാന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരിക്കും. ഇങ്ങനെയുള്ള തെമ്മാടികളെ തളച്ചേ പറ്റൂ. അനുമോദന ചടങ്ങിൽ സാബു ജേക്കബ് പറഞ്ഞു.
കിഴക്കമ്പലത്ത് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ ദമ്പതികളെ എൽ.ഡി.എഫ് യു.ഡി.എഫ് പ്രവർത്തകർ ചേർന്ന് കെെയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഭാര്യ ബ്രിജിത്തയ്‌ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനാണ് മർദ്ദനമേറ്റത്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ രേഖകളുമായാണ് പ്രിന്റുവും ബ്രിജിത്തും വോട്ട് ചെയ്യാനെത്തിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകൾ കെെവശം ഉണ്ടെങ്കിൽ മാത്രമെ വോട്ട് ചെയ്യാൻ അനുവദിക്കുവെന്ന് പറഞ്ഞാണ് പ്രവർത്തകർ ഇവരെ ആക്രമിച്ചത്.