
മുംബയ്: സംവിധായകൻ കരൺ ജോഹറിന് നാര്‍ക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ ( എൻ.സി.ബി ) നോട്ടീസ്. 2019 ജൂലായിൽ കരണിന്റെ വീട്ടിൽ വച്ച് ബോളിവുഡ് താരങ്ങൾ പങ്കെടുത്ത മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് നോട്ടീസ്. ഈ പാര്‍ട്ടിയുടേതെന്ന പേരിൽ ഒരു വീഡിയോ വൈറലായിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കരണിന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എൻ.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വീഡിയോയുടെ യാഥാർത്ഥ്യം മനസിലാക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കരണിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും എൻ.സി.ബി പുറത്തുവിട്ടിട്ടില്ല. ദീപികാ പദുക്കോണ്‍, മലൈക അറോറ, അര്‍ജുൻ കപൂര്‍, വിക്കി കൗശല്‍, വരുൺ ധവാന്‍, രണ്‍ബീർ കപൂർ ഉൾപ്പെടെയുള്ള താരങ്ങളാണ് കരണിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തത്.