
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തി ഉയരുമ്പോൾ പുതിയ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ കർഷകരെ അഭിസംബോധന ചെയ്തു കൊണ്ട് തുറന്ന കത്തെഴുതി.ഇതിനകം തന്നെ നിരവധി കർഷകർക്ക് കാർഷിക നിയമങ്ങളുടെ പ്രയോജനം ലഭിച്ചുവെന്നും കർഷകർ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി നുണ പ്രചരിപ്പിക്കുന്നവരുടെ പ്രലോഭനങ്ങളിൽ വീഴരുതെന്നും കത്തിൽ തോമർ ആവശ്യപ്പെട്ടു.
"ഞാൻ ഒരു കർഷക കുടുംബത്തിൽ നിന്നുള്ള ആളാണ്. കർഷകർ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കിയാണ് ഞാൻ വളർന്നിരുന്നത്. അപ്രതീക്ഷിതമായ മഴകെടുതിയുടെ ദുരിതവും മൺസൂൺ കാലയളവിലെ സന്തോഷവും ഞാൻ കണ്ടിട്ടുണ്ട്. ഇത് ഞാൻ വളർന്നുവന്നതിന്റെ ഭാഗമായിരുന്നു." നരേന്ദ്ര തോമർ പറഞ്ഞു.
രാജ്യത്തിന്റെ കൃഷിമന്ത്രിയെന്ന നിലയിൽ കർഷകർ അനുഭവിക്കുന്ന തെറ്റിദ്ധാരണകളും പിരിമുറുക്കങ്ങളും ഇല്ലാതാക്കേണ്ടത് തന്റെ കടമയാണെന്നും കേന്ദ്രത്തിനും കർഷകർക്കുമിടയിൽ തടസം തീർക്കാൻ ഗൂഡാലോചന നടക്കുന്നതായും അദ്ദേഹം പറഞ്ഞു.കത്തിലൂടെ കൃഷിമന്ത്രി തന്റെ വികാരം പ്രകടിപ്പിച്ചതായും ഇത് എല്ലാവരും വായിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.