bjp

പാലക്കാട്: തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയുടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' എന്നെഴുതിയ ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.സി.പി.എം പ്രാദേശിക നേതൃത്വവും സംഭവത്തിൽ ബി.ജെ.പിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

ഒരുമത വിഭാഗത്തിന്റെ പേര് ഉപയോഗിച്ച് സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനവും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും ടൗൺ പൊലീസ് അറിയിച്ചു.

നഗരസഭയില്‍ വിജയം ഉറപ്പിച്ചതിന്റെ ആഹ്ളാദപ്രകടനത്തിന്റെ ഭാഗമായാണ് ഒരു സംഘം ബി.ജെ.പി പ്രവർത്തകർ നഗരസഭാ മന്ദിരത്തിന്റെ മുകളിൽ കയറി ബാനർ തൂക്കിയത്. ഒരു ബാനറിൽ
ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും മറ്റൊന്നിൽ മോദി, അമിത് ഷാ എന്നിവരുടെ ചിത്രത്തിനൊപ്പം വന്ദേമാതരം എന്നും എഴുതിയിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇത് നീക്കം ചെയ്യുകയായിരുന്നു.