cm-raveendran-

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു വിട്ടയച്ചു.13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സി.എം.രവീന്ദ്രനെ അന്വേഷണ സംഘം വിട്ടയച്ചത്.

നാലാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രവീന്ദ്രൻ കൊച്ചിയിലെ ഓഫീസിലെത്തിയത്.രാവിലെ ഒമ്പത് മണിയോടെയെത്തിയ രവീന്ദ്രനെ തുടർച്ചയായി 13 മണിക്കൂർ ചോദ്യം ചെയ്‌തതിന് ശേഷമാണ് ഇഡി വിട്ടയച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കു വന്ന സി.എം.രവീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

കഴിഞ്ഞ മൂന്ന് തവണ ഇഡി നോട്ടീസ് നൽകിയപ്പോഴും കൊവിഡ് സംബന്ധമായ അസുഖങ്ങൾ ചൂണ്ടിക്കാട്ടി സി.എം.രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു. നാലാം തവണ നോട്ടീസ് അയച്ചതോടെ രവീന്ദ്രൻ ഇഡിക്കെതിരെ ഹെെക്കോടതിയെ സമീപിച്ചു. താൻ രോഗിയാണെന്നും നിരന്തരം നോട്ടീസ് അയച്ച് ബന്ധിമുട്ടിക്കുന്നുവെന്നും കാണിച്ചാണ് രവീന്ദ്രൻ കോടതിയെ സമീപിച്ചത്.

സ്വർണക്കള്ളക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയത്.അതേസമയം സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.