vs-sivakumar

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ കുന്തമുന പാർട്ടിയിൽ നിന്ന് തന്നെ ഉയരുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് തൂത്തെറിയപ്പെട്ടതിനെതിരെ പ്രതിഷേധം അണപൊട്ടുകയാണ്. പോസ്റ്റർ യുദ്ധത്തിലേക്ക് വരെ കാര്യങ്ങൾ നീണ്ട സാഹചര്യത്തിൽ ആരോപണ വിധേയരിൽ ഒരാളായ മുൻ മന്ത്രി വി എസ് ശിവകുമാർ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഒരുപാട് പ്രതിഷേധങ്ങൾ താങ്കൾക്ക് എതിരെ ഉയരുകയാണല്ലോ?

എനിക്ക് അതിനകത്ത് യാതൊരു റോളുമില്ല.

പോസ്റ്ററുകൾ പക്ഷെ താങ്കൾക്കെതിരെയാണ് ഉയർന്നിരിക്കുന്നത്

പോസ്റ്ററുകൾ ആർക്ക് വേണമെങ്കിലും ഒട്ടിക്കാമല്ലോ. ഡി.സി.സി പ്രസിഡന്റിനോടാണ് ഇക്കാര്യങ്ങൾ ചോദിക്കേണ്ടത്.

ഇത്തരത്തിൽ വലിയൊരു തോൽവി പ്രതീക്ഷിച്ചിരുന്നോ?

പൊതുവായി സംസ്ഥാന തലത്തിലുണ്ടായ തോൽവിയാണ് തിരുവനന്തപുരത്തും പ്രകടമായത്. പ്രാദേശിക തലത്തിലുളള തിരഞ്ഞെടുപ്പാണിത്. സംസ്ഥാന സർക്കാരിനെതിരായ തിരഞ്ഞെടുപ്പ് അല്ലിത്. പ്രാദേശികപരമായ വിഷയങ്ങൾ, സ്ഥാനാർത്ഥികൾ അതൊക്കെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ മുഖ്യഘടകം. സംസ്ഥാന തലത്തിലെ രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെട്ടിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയം വിലയിരുത്തപ്പെടും.

നിയമസഭ തിരഞ്ഞെടുപ്പ് വരുമ്പോൾ ട്രെൻഡ് മാറുമെന്നാണോ?

ഉറപ്പായും മാറും. അതിന്റെ തെളിവാണ് പാർലമെന്റ് തിരഞ്ഞെടുപ്പ്. ബി ജെ പിയെ മാറ്റി നിർത്താൻ വേണ്ടി കേരളത്തിലെ ജനങ്ങൾ ചിന്തിച്ചതു കൊണ്ട് ഇരുപതിൽ പത്തൊമ്പത് സീറ്റും ഞങ്ങൾ വിജയിച്ചു. കേന്ദ്രത്തിലുളള രാഷ്ട്രീയ സാഹചര്യമാണ് അപ്പോൾ വിലയിരുത്തപ്പെട്ടത്. അതുപോലെ നിയമസഭ വരുമ്പോൾ ട്രെൻഡ് മാറും.

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായോ?

സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയെപ്പറ്റി എനിക്കറിയില്ല. ഞാൻ ഡി.സി.സി പ്രസിഡന്റോ കെ.പി.സി.സി ഭാരവാഹിയോ അല്ല. ഇതിലൊന്നും ഞാൻ ഇടപെട്ടിട്ടില്ല. പാർട്ടി ലീഡർഷിപ്പാണ് ഇതൊക്കെ തീരുമാനിക്കുന്നത്.

അടൂർ പ്രകാശ് ഇന്നലെ ഞങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് അദ്ദേഹത്തിന് ഒരു റോളുമുണ്ടായിരുന്നില്ല. എല്ലാ സീറ്റും തിരുവനന്തപുരത്തെ ഗ്രൂപ്പ് നേതാക്കൾ വീതംവച്ച് എടുക്കുകയാണെന്നായിരുന്നു.

അത് എനിക്കറിയില്ല. താഴെ തട്ടിൽ നിന്ന് വന്ന പേരുകൾ ഡി.സി.സിയാണ് തീരുമാനിച്ചത്. അടൂർ പ്രകാശിന് ഉളള അതേ അവസ്ഥയാണ് എനിക്കും ഉണ്ടായിരുന്നത്. ഞാൻ പാർട്ടി ഭാരവാഹിയോ ഡി.സി.സി പ്രസിഡന്റോ അല്ല. സ്ഥാനാർത്ഥി നിർണയത്തിൽ എനിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല.

അപ്പോൾ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് താങ്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്?

എനിക്കതിൽ പങ്കില്ല. ഡി.സി.സി നേതൃത്വമാണ് ഇടപെട്ടത്. വാർഡ് തലത്തിൽ നിന്നു വന്ന ശുപാർശകളാണ് ഡി.സി.സി സ്വീകരിച്ചത്.

താങ്കൾക്കെതിരെ പാർട്ടിക്ക് അകത്ത് നിന്നുളള നീക്കമാണോ ഇതൊക്കെ?

എനിക്കെതിരെ നീങ്ങുന്നത് എന്തിനാണ്? ഡി.സി.സിയും കെ.പി.സി.സിയുമല്ലേ തീരുമാനിച്ചത്. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ട്. അവരാണ് ഈ പോസ്റ്റൊക്കെ പതിക്കുന്നത്.

അത് പാർട്ടിക്ക് അകത്ത് നിന്ന് തന്നെയാണല്ലോ അല്ലേ?

പാർട്ടിക്കകത്ത് നിന്നാണോയെന്ന് എനിക്കറിയില്ല. അതിനെ കുറിച്ച് അന്വേഷിക്കണം. എല്ലാ സമയത്തും ചില ആളുകൾ ഇതുപോലെ ഇറങ്ങും. അത് സി.പി.എമ്മുകാരാവാം, ബി.ജെ.പിക്കാരാവാം, അവരെ സഹായിക്കുന്നവരുമാകാം.

താങ്കളുടെ നിയമസഭ മണ്ഡലത്തിൽ ഉൾപ്പടെ പല സീറ്റുകളിലും യു.ഡി.എഫ് മുന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടചുന്ന ദയനീയ കാഴ്‌ചയാണല്ലോ. ബി.ജെ.പിയുടെ കടന്നുകയറ്റവുമുണ്ട്. കോൺഗ്രസിനെ അത് വലിയ തോതിൽ ബാധിക്കില്ലേ?

പാർലമെന്റ് തിരഞ്ഞെടുപ്പിൽ എന്റെ മണ്ഡലത്തിൽ പതിനാലായിരത്തിൽപ്പരം വോട്ടുകൾക്കാണ് യു.ഡി.എഫ് ലീഡ് ചെയ്‌തത്. കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ഇതുപോലെ പിന്നിൽ പോയെങ്കിലും പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം ഭൂരിപക്ഷത്തിൽ ഞാൻ വിജയിച്ചു. രണ്ടും രണ്ട് തിരഞ്ഞെടുപ്പാണ്.

സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്നുണ്ടോ? വലിയ ആരോപണങ്ങളാണ് താങ്കൾക്ക് എതിരെ ഉയരുന്നത്

പാർട്ടിയെ സ‌്‌നേഹിക്കുന്നവർ അങ്ങനെ ചെയ്യില്ല. അവർ പോസ്റ്ററുകൾ ഒട്ടിക്കത്തുമില്ല. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കളാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്രാവശ്യം വളരെ മികച്ച സ്ഥാനാ‌ർത്ഥികളായിരുന്നു. ഏത് തിരഞ്ഞെടുപ്പ് വന്നാലും എനിക്കെതിരെ ഇവർ ആരോപണങ്ങൾ ഉന്നയിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഞാൻ തരൂരിനെ തോൽപ്പിക്കാൻ നടക്കുന്നു എന്നായിരുന്നു പ്രചാരണം. ഈ പറഞ്ഞവർ തന്നെയാണ് അന്നും പ്രചാരണം നടത്തിയത്. ഡി.സി.സി പ്രസിഡന്റ് അന്വേഷണം നടത്തിയാൽ ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് അറിയാം.