lotus

തിരുവനന്തപുരം: നഗരസഭാ ഭരണം പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ ബി.ജെ.പി പ്രതീക്ഷിച്ചത് 52സീറ്റുകൾ. ക്രോസ് വോട്ടിംഗ് ഉണ്ടായാലും 48 സീറ്റുകൾ നേതൃത്വം കണക്കുകൂട്ടിയിരുന്നു. എന്നാൽ പ്രതീക്ഷയ്ക്കപ്പുറമായി നഷ്ടമായത് 13 സീറ്റുകളാണ്. ബി ജെ പി എം എൽ എയുള്ള നേമം നിയോജക മണ്ഡല പരിധിയിൽ നിന്ന് 21ൽ 14 വാർഡുകളാണ് ബി ജെ പി നേടിയത്. കഴിഞ്ഞ തവണ ഇവിടെ 11 വാർഡുകൾ മാത്രമാണ് ലഭിച്ചത്.

പൊന്നുമംഗലം, എസ്റ്റേറ്റ്, പുന്നയ്ക്കാമുഗൾ, നെടുങ്കാട്, തിരുവല്ലം തുടങ്ങിയവ പിടിച്ചെടുത്തപ്പോൾ സിറ്റിംഗ് സീറ്റുകളായ ആറ്റുകാലും കമലേശ്വരവും നഷ്ടപ്പെട്ടു. പുഞ്ചക്കരി പിടിക്കാമെന്ന് കരുതിയെങ്കിലും നടന്നില്ല. വനിതാ കൗൺസിലർമാരെ ജനറൽ സീറ്റിൽ മത്സരിപ്പിക്കേണ്ട എന്ന പൊതുതീരുമാനം ചിലയിടങ്ങളിൽ ഗുണം ചെയ്തപ്പോൾ മറ്റിടങ്ങളിൽ അത് കുരുക്കായി. മതന്യൂനപക്ഷങ്ങളിലെ നല്ലൊരുവിഭാഗം ബി ജെ പിയെ തോല്പിക്കാൻ യു.ഡി.എഫിന് പകരം എൽ ഡി എഫിന് വോട്ട് ചെയ്തതാണ് പരാജയത്തിന്റെ പ്രധാന കാരണമായി ബി ജെ പി വിലയിരുത്തുന്നത്. അതേ സമയം പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതിയെ പൊതു സ്ത്രീ സംവരണ സീറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാനായതും ബി ജെ പിക്ക് നേട്ടമായി.

പത്ത് സീറ്റുകൾ നേടിയ തിരുവനന്തപുരം മണ്ഡലത്തിൽ മൂന്ന് സിറ്റിംഗ് വാർഡുകൾ ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. ശ്രീവരാഹം, പെരുന്താന്നി, വലിയശാല എന്നിവയാണിവ. തൈയ്ക്കാട്, വഞ്ചിയൂർ, വഴുതയ്ക്കാട്, തമ്പാനൂർ എന്നിവയും പ്രതീക്ഷിച്ചിരുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ കമ്മിഷൻ വൈമുഖ്യം കാണിച്ചതും കുറേപേരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതും പരാജയത്തിന്റെ കാരണങ്ങളിലൊന്നായി ബി ജെ പി കരുതുന്നു. പല സി പി എമ്മുകാർക്കും തൊട്ടടുത്ത വാർഡുകളിലായി രണ്ടും മൂന്നും വോട്ടുകളുണ്ടായിരുന്നുവെന്നും ഇവരെല്ലാം ഒന്നിലധികം വോട്ടുകൾ ചെയ്തുവെന്നും ബി ജെ പി ആരോപിക്കുന്നു.

വട്ടിയൂർക്കാവിൽ 9 സിറ്റിംഗ് സീറ്റുകളുടെ കൂടെ 3 എണ്ണംകൂടി പിടിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ശാസ്തമംഗലം , കാഞ്ഞിരംപാറ, നെട്ടയം എന്നിവ പിടിച്ചെങ്കിലും പാതിരപ്പള്ളി, പട്ടം, വട്ടിയൂർക്കാവ് എന്നിവ നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ 4 സീറ്റ് നേടിയ കഴക്കൂട്ടത്ത് അത് അഞ്ചായി ഉയർത്തിയെങ്കിലും രണ്ടെണ്ണം നഷ്ടപ്പെട്ടു. മൂന്നെണ്ണം പുതുതായി പിടിച്ചെടുത്തതാണ്. ഞാണ്ടൂർക്കോണം, ഇടവയ്‌ക്കോട്, ആറ്റിപ്ര എന്നിവയാണ് പ്രതീക്ഷ തകർത്തത്.

സി പി എം കോട്ടയായ കടകംപള്ളിയിൽ രണ്ടാം സ്ഥാനത്തായെങ്കിലും കരിക്കകത്ത് സിറ്റിംഗ് മേയറെ തോല്പിക്കാൻ കഴിഞ്ഞതും നേട്ടമായി ബി.ജെ.പി ജില്ലാ നേതൃത്വം വിലയിരുത്തുന്നു.