dog

മല്ലപ്പള്ളി : രണ്ടുമാസമായി തെരുവിൽ അലഞ്ഞ വളർത്തുനായ ഒടുവിൽ തന്റെ സ്വന്തം ഉടമയെ കണ്ടെത്തി. കല്ലൂപ്പാറ തുരുത്തിക്കാടുള്ള വീട്ടിൽ മൂന്ന് വർഷം മുമ്പ് കുട്ടിയായി ലഭിച്ച നായയെ ഉടമയും കുടുംബവും ഓമനിച്ച് ചാർളി എന്ന പേരിട്ട് വളർത്തിയിരുന്നു. ഉടമയുടെ മക്കളുമായി അമിത സ്‌നേഹമാണ് നായ കാട്ടിയിരുന്നത്. മക്കൾ രണ്ടുപേരും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വീടുവിട്ട് പുറത്തുപോയതോടെ നായ ഉടമയുമായി പിണങ്ങുകയായിരുന്നു.

ഇതോടെ മക്കളുടെ സമ്മതത്തോടെ തങ്ങളുടെ സുഹൃത്തിന് നായയെ കൈമാറി. എന്നാൽ നായ പുതിയ ഉടമയുമായി അലോഹ്യത്തിലാകുകയും തെരുവിലേക്കിറങ്ങുകയുമായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടുകൂടി മല്ലപ്പള്ളി സ്റ്റാന്റിൽ ബസിറങ്ങിയ പെൺകുട്ടിയെ കണ്ട് സ്റ്റാൻഡിന്റെ ഏതോ മൂലയിൽ നിന്നിരുന്ന നായ കുരച്ച് ചാടിക്കൊണ്ട് പാഞ്ഞെത്തുകയായിരുന്നു.

എന്നാൽ ആക്രമണം തടയാനെത്തിയ ആളുകളോട് പെൺകുട്ടി വിളിച്ചു പറഞ്ഞത് അടിക്കരുതേ എന്നാണ്. ആക്രമണമല്ല സ്‌നേഹപ്രകടനമാണെന്നും പെൺകുട്ടി പറഞ്ഞു. ഞങ്ങൾ ഓമനിച്ചു വളർത്തിയ നായയാണ് ഉപദ്രവിക്കണ്ട. മണംപിടിച്ചെത്തിയതാണോ നേരിട്ട് കണ്ട് എത്തിയതാണോ എന്നറിയില്ല കുട്ടിയെ ഇടംവലം വിടാതെ പട്ടി തടഞ്ഞുവെച്ചു. നോവാതെ കടിക്കുന്ന പട്ടിയെ കുട്ടി താലോലിക്കുന്നത് കാണുവാൻ ആളുകൾ തടിച്ചുകൂടി. പട്ടിയുടെ വിവരം കുട്ടി പിതാവിനെ വിളിച്ചറിയിക്കുകയും പുതിയ തുടലുമായി ഉടമ ഓട്ടോയിൽ ബസ് സ്റ്റാൻഡിലെത്തുകയും പട്ടിയെ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. നിരവധി തവണ നായയെ മർദ്ദിച്ചവരും ഓടിച്ചുവിട്ടരും ഉൾപ്പെടെയുള്ളവർ ഈ സ്‌നേഹപ്രകടനത്തിന്റെ കാഴ്ചക്കാരായിരുന്നു.