abdullakutty

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബി ജെ പിക്ക് ആയിട്ടില്ലെന്ന് പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുളളക്കുട്ടി. ബി ജെ പി ജയിക്കുന്നിടത്ത് സി പി എം കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത് തിരിച്ചടിയായെന്നും അദ്ദേഹം പ്രതികരിച്ചു.

ബി ജെ പിയെ രണ്ട് മുന്നണികളും മുഖ്യശത്രുവായാണ് കാണുകയാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് ബി ജെ പി ജയിക്കുന്നത് കണ്ടാൽ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലെന്നാണ് സി പി എം പറഞ്ഞത്. പാർട്ടിക്ക് പോരായ്‌മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുമെന്നും അബ്‌ദുളളക്കുട്ടി വ്യക്തമാക്കി.

കേരളത്തിലെ ബി ജെ പിയെ കുറിച്ച് ദേശീയ നേതൃത്വത്തിന് കൃത്യമായ വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിലയിരുത്തും. ശോഭാ സുരേന്ദ്രനും വേലായുധനും ആയി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങൾ ഒരുപാട് ചർച്ച ചെയ്‌തതാണ്. പ്രശ്‌നങ്ങളെല്ലാം ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷങ്ങൾക്കിടയിൽ ബി ജെ പിക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. ദേശീയ തലത്തിൽ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുകയാണ്. ഇനി ലക്ഷദ്വീപ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അബ്‌ദുളളക്കുട്ടി വ്യക്തമാക്കി.