mc-josaphine

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളിൽവച്ച് നടി അപമാനിക്കപ്പെട്ട സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം തികച്ചും അപലനീയമാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ പ്രതികരിച്ചു. നടിയെ സന്ദർശിച്ച്, വിവരങ്ങൾ അന്വേഷിക്കുമെന്നും ജോസഫൈൻ അറിയിച്ചു.


എത്രയും പെട്ടെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടിയെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ജോസഫൈൻ നിർദേശിച്ചു. കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ഇപ്പോൾ.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളിൽവച്ച് അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും, ശരീരത്തിൽ സ്പർശിച്ച ശേഷം ഇവർ പിന്തുടർന്നെന്നുമാണ് നടിയുടെ ആരോപണം. ഇന്നലെ കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം.