ചില ആരോപണങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ വിജിലൻസ് വ്യാപകമായി റെയ്ഡുകൾ നടത്തിയടത്തു നിന്നുമാണ് വിവാദങ്ങളുടെ തുടക്കം. ലഘു ചിട്ടി മുതൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ പ്രവാസി ചിട്ടി വരെ ആവിഷ്‌കരിച്ചു വിജയം കണ്ട കെ എസ് എഫ് ഇ ക്കു കനത്ത പ്രഹരമായിരുന്നു ഓപ്പറേഷൻ ബചത് എന്ന പേരിൽ ഈ വിജിലൻസ് റെയ്ഡുകൾ. കാരണം മറ്റൊന്നുമല്ല. ചില ആരോപണങ്ങളുടെ നിജ സ്ഥിതി അറിയാൻ വിജിലൻസ് നടത്തിയ പരിശോധനയിൽ കെ എസ് എഫ് ഇ എന്ന പ്രസ്ഥാനം മൊത്തത്തിൽ കരി വാരിതേയ്ക്കപ്പെട്ടു എന്നാണ് പരാതി.
സാമ്പത്തികമായി തുടങ്ങിയ വിവാദം ഒടുവിൽ വന്നെത്തിയത് രാഷ്ട്രീയ വിവാദമായി. റെയ്ഡിനെ എതിർത്ത ധനമന്ത്രി ഒടുവിൽ ഒറ്റപ്പെട്ട അവസ്ഥയിലായി. കെ എസ് എഫ് ഇ അധികൃതർ ആകട്ടെ സമാന്തരമായി ഓഡിറ്റിങ്ങിന് തുടക്കമിട്ടു. ചില ബിനാമി സംഘങ്ങൾ കെ എസ് എഫ് ഇ യെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ചില ബ്രാഞ്ചുകളിൽ നിയമവിരുദ്ധമായി ഡമ്മികളെ മുൻ നിർത്തി പലരും കൊള്ളച്ചിട്ടികളും ഒന്നിലധികം ബിനാമി ചിട്ടികളും നടത്തുന്നു എന്നാണ് വിജിലൻസിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ നടത്തിയ റെയ്ഡിൽ 35 ഇടത്ത് വ്യാപക ക്രമക്കേട് കണ്ടെത്തി എന്നാണ് വിജിലൻസ് ഭാഷ്യം. വൻതുക അടവുള്ള ചിട്ടികളിൽ കള്ളപ്പണം വെളുപ്പിക്കലുള്ളതായി വിജിലൻസിന് സൂചന ലഭിച്ചു. തിരുവനന്തപുരത്തടക്കം കൊള്ളച്ചിട്ടികളുടെ രേഖകളും വിജിലൻസ് പിടിച്ചെടുത്തു. കെ എസ് എഫ് ഇ എന്ന പ്രസ്ഥാനത്തെ തകർക്കുന്നതിന്റെ ഭാഗമായിട്ടാണോ ഇപ്പോൾ ഉയരുന്ന വിവാദങ്ങൾ നേർക്കണ്ണ് പരിശോധിക്കുന്നു.
