karatt-faizal

കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചത് എൽ ഡി എഫ് അകമഴിഞ്ഞ് സഹായിച്ചതിനാലാണെന്ന് സൂചന. ഇവിടെ മത്സരിച്ച ഇടത് സ്ഥാനാർത്ഥി പൂജ്യം വോട്ട് നേടിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്. ചുണ്ടപ്പുറം വാർഡിൽ കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന് പ്രവർത്തകർക്ക് പാർട്ടി രഹസ്യ നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്. ഫൈസൽ വിജയിച്ചാൽ ഡിവിഷനിൽ വലിയ വികസനം വരുമെന്ന് എൽ ഡി എഫ് പ്രവർത്തകർക്ക് ഇടയിൽ പ്രചാരണം നടന്നിരുന്നു.

ഡിവിഷനിൽ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞായിരുന്നു ഫൈസലിന്റെ പ്രചാരണം. കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് കുഴൽക്കിണറുകൾ കുഴിച്ച് നൽകുമെന്നതുൾപ്പടെ നിരവധി മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് സ്വതന്ത്ര സ്ഥാനാർത്ഥി നൽകിയത്. ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പാർട്ടി നിർത്തിയ ഒ.പി. റഷീദ് കാരാട്ട് ഫൈസലിന്റെ അടുത്ത സുഹൃത്തായിരുന്നു. അതിനാൽ തന്നെ പ്രചാരണത്തിൽ ഫൈസലിനെ കടന്നാക്രമിക്കാൻ പാർട്ടി തുനിഞ്ഞതുമില്ല. പ്രചാരണത്തിൽ സജീവമല്ലാതിരുന്ന ഇടത് സ്ഥാനാർത്ഥി വോട്ടെടുപ്പ് ദിവസം പോലും പോളിങ് ബൂത്തിൽ എത്താതെയാണ് ഫൈസലിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. അതേസമയം സംപൂജ്യരായതിന്റെ കാരണം പരിശോധിക്കുമെന്നും കാരാട്ട് ഫൈസലിന് വോട്ട് ചെയ്യാൻ യാതൊരു നിർദ്ദേശവും പാർട്ടി നൽകിയിട്ടില്ലെന്നുമാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വെളിപ്പെടുത്തുന്നത്. എന്നാൽ കാരാട്ട് ഫൈസലിന്റെ വിജയാഹ്ളാദ പ്രകടനത്തിൽ സ്ഥലത്തെ സി പി എം പ്രവർത്തകർ പങ്കെടുത്തത് ഏറെ ചർച്ചയായിരുന്നു.

എൽ ഡി എഫ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ചത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് പാർട്ടി പിന്തുണ നൽകാതിരുന്നത്. ഒരു വേള ഫൈസലിനെ സ്ഥാനാർത്ഥിയായി എൽ ഡി എഫ് പ്രഖ്യാപിച്ചിരുന്നു. ഫൈസലുമായി എൽ ഡി എഫ് പ്രവർത്തകർ വീടുകൾ തോറും കയറി പ്രചരണവും നടത്തി. എന്നാൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും പാർട്ടി പരസ്യമായി പിന്തുണയ്ക്കുന്നു എന്ന തരത്തിൽ എതിരാളികൾ പ്രചരണം ആരംഭിച്ചതോടെയാണ് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഐഎൻഎൽ നേതാവ് ഒ. പി. റഷീദിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതോടെ കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.